മികച്ച പ്രകടനങ്ങൾ നടത്തിയാണ് ഇരു ടീമുകളും ഈ മത്സരത്തിനിറങ്ങുന്നത്. പഞ്ചാബിൻ്റെ കൂറ്റൻ സ്കോർ ബാറ്റിംഗ് മികവിലാണ് ഡൽഹി മറികടന്നതെങ്കിൽ ബൗളിംഗ് മികവിൽ ചെറിയ സ്കോർ പ്രതിരോധിച്ച് നിന്നാണ് മുംബൈ വിജയം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ഡൽഹിയുടെ ബാറ്റിംഗ് നിരയും മുംബൈയുടെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്.
Also Read- IPL 2021 | ധോണിയുമായുള്ള ഏറ്റുമുട്ടലിൽ സഞ്ജുവിന് തോൽവി
advertisement
ബൗളിംഗ് നിരയുടെ മികവിലാണ് മുംബൈ ഈ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈ വിജയം പിടിച്ചെടുത്തത് അവരുടെ ബൗളർമാരുടെ കരുത്തിലാണ്. ലോകോത്തര ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ മുംബൈക്കായിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമയും ഡി കൊക്കും ചേർന്ന് മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും മധ്യനിരയിൽ നിന്നും ഉറച്ച പിന്തുണ ലഭിക്കാത്തതിനാൽ വലിയ സ്കോർ നേടാൻ ടീമിന് കഴിയുന്നില്ല. കീറോണ്‍ പൊള്ളാര്‍ഡ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും നിലവാരത്തിനൊത്ത് ഉയരാനയിട്ടില്ല. ഹാര്‍ദിക്കിനും ക്രുണാലിനും ബാറ്റിങ്ങിൽ ഇനിയും താളം കണ്ടെത്താനായിട്ടില്ല.
മികച്ച ബാറ്റിങ് നിരയുള്ള ടീമുകളിലൊന്നാണ് ഡല്‍ഹി. അതിനാൽ ഡല്‍ഹിക്കെതിരെ മുംബൈ ബൗളര്‍മാര്‍ക്ക് പണികൂടും. എന്നാല്‍ ബുംറ, ബോള്‍ട്ട് പേസ് കൂട്ടുകെട്ട് മികച്ച ഫോമിലുള്ളത് ടീമിന് ആശ്വാസമാണ്. കൂടാതെ ലെഗ് സ്പിന്നർ രാഹുൽ ചഹറും മികച്ച രീതിയിൽ പന്തെറിയുന്നു എന്നുള്ളത് മുംബൈ ബൗളിങ്ങിൻ്റെ മൂർച്ച കൂട്ടുന്നു. ഏഴ് വിക്കറ്റുമായി താരം ലീഗിൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്.
മറുവശത്ത് ശിഖർ ധവാനും പൃഥ്വി ഷായും ചേർന്ന് നൽകുന്ന തകർപ്പൻ പ്രകടനങ്ങളുടെ മികവിലാണ് ഡൽഹി കളി പിടിച്ചടക്കുന്നത്. വമ്പൻ അടിക്കാരുടെ നീണ്ട നിരയുള്ള ഡൽഹി ടീം മുംബൈ ബൗളർമാരെ എങ്ങനെ നേരിടും എന്നത് കാണാം. മധ്യനിരയിൽ ക്യാപ്റ്റൻ റിഷഭ് പന്ത് നടത്തുന്ന പ്രകടനവും കളിയുടെ ഗതി മാറ്റിമറിച്ചേക്കും.
പക്ഷെ അവരുടെ പ്രധാന ബൗളറായ കാഗിസോ റബാദ ഫോമിലേക്കുയരാത്തത് ഡല്‍ഹിക്ക് തലവേദനയാണ്. ക്വാറൻ്റീൻ പൂർത്തിയാക്കി താരം കഴിഞ്ഞ മത്സരത്തിലാണ് ടീമിനൊപ്പം ചേർന്നത്. പക്ഷെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആര്‍ അശ്വിന്‍ സ്പിന്നില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താനാവുന്നില്ല. ആവേശ് ഖാനും ക്രിസ് വോക്സും ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നുണ്ട്. കോവിഡ് ഭേദമായ ആൻറിച്ച് നോർക്യ മുംബൈക്കെതിരെ കളിക്കുമെന്നാണ് വിവരം.
നേർക്കുനേർ കണക്കിൽ മുംബൈക്ക് തന്നെയാണ് ആധിപത്യം. 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16 തവണയും ജയം മുംബൈക്കായിരുന്നു. 12 തവണയാണ് ഡല്‍ഹി വിജയിച്ചത്.
മത്സരം രാത്രി 7.30ന് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തൽസമയം.
