ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആസാം താരമായ റിയാന്‍ പരാഗിന്റെ ആദ്യ ഓവറിലെ ഒരു പന്ത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. 19 വയസ്സുകാരനായ പരാഗിന് അധികം തവണ ബൗളിങ്ങ് ചെയ്യാന്‍ അവസരം ലഭിച്ചട്ടില്ല. എന്നാല്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ പരാഗിനു ബോള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ 10ആം ഓവറിലാണ് പരാഗിനു അവസരം ലഭിച്ചത്. ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് കെ എല്‍ രാഹുല്‍ താരത്തെ വരവേറ്റത്. ഓവറിലെ മൂന്നാം പന്തില്‍ പരാഗ് പരീക്ഷണമായി റൗണ്ട് ആം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചു. ലോങ്ങ് ഓഫിലേക്ക് സിംഗിള്‍ എടുക്കാന്‍ മാത്രമാണ് ക്രിസ് ഗെയ്‌ലിനു സാധിച്ചത്. എന്നാല്‍ താരത്തിന് അമ്പയര്‍മാര്‍ വാണിങ്ങ് നല്‍കി.
advertisement
എന്നാല്‍ ആ ഓവറില്‍ തന്നെ യൂണിവേഴ്‌സല്‍ ബോസ്സ് ക്രിസ് ഗെയിലിനെ പുറത്താക്കാനും പരാഗിന് കഴിഞ്ഞു. നാലാം പന്തില്‍ ലോങ്ങ് ഓണിലൂടെ കൂറ്റനടിക്ക് ശ്രമിച്ച ഗെയില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. പരാഗിന്റെ റൗണ്ട് ആം ബൗളിങ് ആക്ഷന്‍ കമാന്ററി ബോക്‌സില്‍ എല്ലാവരെയും അതിശയിപ്പിക്കുകയും ചര്‍ച്ചാ വിഷയമാവുകയും ചെയ്തു.
പാര്‍ട് ടൈം ബൗളറായ റിയാന്‍ പരാഗിനെ കൊണ്ടുവന്നാണ് യൂണിവേഴ്സല്‍ ബോസിനെ സഞ്ജു കൂടാരം കയറ്റിയത്. ടീമില്‍ ആറ് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ടായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 28 പന്ത് നേരിട്ട ഗെയില്‍ 40 റണ്‍സെടുത്താണ് പുറത്തായത്. 2 സിക്സും 4 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്ങ്‌സ്. നേരത്തെ ലെഗ് സ്പിന്നര്‍ രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍ എന്നിവരുടെ ഓവറില്‍ ഗെയിലിനെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങള്‍ ടീം പാഴാക്കിയിരുന്നു. പവര്‍ പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാരെ ആക്രമിച്ച് കളിച്ച രാഹുലും സ്‌കോര്‍ അതിവേഗം മുന്നോട്ടു നയിച്ചു. ക്രിസ് ഗെയില്‍ പുറത്തായതിന് ശേഷവും റണ്‍റേറ്റ ഉയരുകയായിരുന്നു.
സഞ്ജുവിന്റെ വീരോചിത പോരാട്ടം രാജസ്ഥാനെ ജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന പന്തില്‍ 'നായകന്‍' വീണതോടെ പ്രതീക്ഷ അസ്തമിച്ചു. വിജയത്തിലേക്ക് അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അര്‍ഷ്ദീപ് സിങ്ങിനെ സിക്സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് സഞ്ജു ക്യാച്ച് നല്‍കി മടങ്ങിയത്.
