മത്സരത്തിലെ ജയത്തോടെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ ടീം. നാല് കളികളില്‍ നിന്നും എട്ട് പോയിന്റാണ് ടീം നേടിയിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തിലൂടെ നായകന്‍ കോഹ്ലി ഐ പി എല്ലില്‍ 6000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. ഇതുവരെയുള്ള ബാംഗ്ലൂരിന്റെ പോരാട്ടം വിലയിരുത്തുകയാണെങ്കില്‍ കന്നിക്കിരീടം നേടാന്‍ ഏറ്റവും യോജ്യമെന്ന് തോന്നിക്കുന്ന സീസണ്‍ ആണിത്. തുടക്കം മുതലേ ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്ക് മേല്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ടീം മുന്നേറുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ വിമര്‍ശനം നേരിട്ടുക്കൊണ്ടിരുന്ന ബാംഗ്ലൂര്‍ ഓപ്പണര്‍മാര്‍ വായടപ്പിക്കുന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടാനായത്. മോശം തുടക്കമായിരുന്നു രാജസ്ഥാന്റേത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് 32 റണ്‍സ് നേടാനേ രാജസ്ഥാനു കഴിഞ്ഞുള്ളൂ. 18 റണ്‍സ് നേടിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ സഞ്ജു സാംസണും ശിവം ഡൂബെയും മുന്നോട്ട് നയിക്കാന്‍ ശ്രമം നടത്തിയെങ്കിലും എട്ടാം ഓവറിലൂടെ സ്‌കോര്‍ 43ല്‍ നില്‍ക്കെ വാഷിങ്ടണ്‍ സുന്ദര്‍ സഞ്ജുവിനെ കൂടാരം കയറ്റി.
ശേഷം ക്രീസിലെത്തിയ റിയാന്‍ പരാഗ് ഡൂബെയോടൊപ്പം തകര്‍പ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. പതിനാലം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 16 പന്തില്‍ നിന്നും 25 റണ്‍സെടുത്ത പരാഗിനെ വീഴ്ത്തി. അതിനുശേഷം 32 പന്തില്‍ 46 റണ്‍സെടുത്ത് ശിവം ഡൂബെയും പുറത്തായി. രാജസ്ഥാന്‍ നിരയില്‍ രാഹുല്‍ തെവാതിയയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 23 പന്തില്‍ നിന്നും 40 റണ്‍സാണ് താരം നേടിയത്. ബാംഗ്ലൂരിന് വേണ്ടി ബൗളര്‍മാരായ മുഹമ്മദ് സിറാജും, ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ നേടിയിരുന്നു.