ബാംഗ്ലൂര്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഷഹ്ബാസ് അഹമ്മദ് ടീമിലിടം പിടിച്ചു. അതേസമയം പഞ്ചാബ് മൂന്നു മാറ്റങ്ങളുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. ഹെന്റിക്വസും, അര്‍ഷദീപ് സിംഗും പരുക്കേറ്റ മയാങ്ക് അഗര്‍വാളിനും പകരം റീലി മെറിഡിത്ത്, പ്രഭ്‌സിമ്രന്‍ സിംഗ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ടീമിലിടം നേടി.
കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ആര്‍സിബി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറില്‍ നാലിലും തോറ്റ പഞ്ചാബ് കിങ്സ് ആറാം സ്ഥാനത്താണ്. ഈ സീസണില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുന്ന കോഹ്ലിയും സംഘവും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികവ് പുര്‍ലര്‍ത്തിയാണ് മുന്നേറുന്നത്. പഞ്ചാബിനെതിരെ ജയിച്ചാല്‍ പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ ഉള്ള അവസരമാണ് കോഹ്ലിയുടെ ടീമിനെ കാത്തിരിക്കുന്നത്. മറുവശത്ത് പഞ്ചാബിന് ഇന്ന് ജയിക്കാനായല്‍ അവരുടെ നില മെച്ചപ്പെടുത്താന്‍ ആവും. അതുകൂടാതെ പോയിന്റ് അടിസ്ഥാനത്തില്‍ നാലാം സ്ഥാനത്ത് ഉള്ള മുംബൈ ഇന്ത്യന്‍സിന്റെ ഒപ്പം എത്താനും രാഹുലിനും സംഘത്തിനും കഴിയും. പക്ഷേ ആര്‍സിബിയുടെ നിലവിലെ ഫോമില്‍ അവരെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
advertisement
അവസാന മത്സരത്തില്‍ അവസാനം വരെ പൊരുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിന് തോല്‍പ്പിച്ചാണ് ആര്‍സിബി പഞ്ചാബിനെ നേരിടാന്‍ എത്തുന്നത്. കോഹ്ലി,ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്സ്,ഗ്ലെന്‍ മാക്സ് വെല്‍ എന്നിവരുടെ ബാറ്റിങ് പ്രകടനവും ഹര്‍ഷല്‍ പട്ടേല്‍, കൈല്‍ ജാമിസന്‍,മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ്ങും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.
അതേസമയം, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനാവുന്നില്ല എന്നതാണ് പഞ്ചാബിനെ അലട്ടുന്നത്. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍ എന്നീ ലോകോത്തര താരങ്ങള്‍ ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമേ ആര്‍സിബിക്കെതിരെ വിജയം സ്വന്തമാക്കാന്‍ കഴിയൂ.
ആര്‍സിബിക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ പക്ഷേ പഞ്ചാബിനാണ് മുന്‍തൂക്കം. 26 മത്സരത്തില്‍ ഇരുവരും മുഖാമുഖം എത്തിയപ്പോള്‍ 14 തവണയും ജയം പഞ്ചാബിനായിരുന്നു. 12 തവണയാണ് ആര്‍സിബിക്ക് ജയിക്കാനായത്. എന്നാല്‍ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
