ബാംഗ്ലൂരിന്റെ 150 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിന് 17ആം ഓവറിന് ശേഷം താളം തെറ്റുകയായിരുന്നു.
ഡെത്ത് ഓവറില്‍ ആര്‍ സി ബി ബൗളര്‍മാര്‍ മിടുക്കുകാട്ടിയതാണ് ടീമിനെ അനായാസ വിജയത്തിലെത്തിച്ചത്. അവസാന അഞ്ച് ഓവറില്‍ ഹൈദരാബാദിന്റെ ഏഴ് വിക്കറ്റാണ് ആര്‍ സി ബി ബൗളര്‍മാര്‍ വീഴ്ത്തിയത്. 17ആം ഓവര്‍ എറിയാനെത്തിയ സ്പിന്നര്‍ ഷഹബാസ് അഹ്‌മദ് ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് കയ്യകലത്തു നിന്ന് ഹൈദരാബാദിന് വിജയം നഷ്ടപ്പെടുത്തിയത്.
advertisement
ഇപ്പോഴിതാ എന്തുകൊണ്ടാണ് 17ആം ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ കോഹ്ലി തന്നെ നിയോഗിച്ചതെന്ന് വിശദീകരിക്കുകയാണ് ആര്‍ സി ബി സ്പിന്നര്‍ ഷഹബാസ് അഹമ്മദ്. 'വളരെ പ്രയാസമുള്ള സാഹചര്യമായിരുന്നു അത്. എന്നാല്‍ ക്യാപ്റ്റന്‍ എന്റെ കഴിവില്‍ വിശ്വസിച്ചു. എന്റെ ക്യാപ്റ്റനോടാണ് ഞാന്‍ നന്ദി പറയുന്നത്. 17ആം ഓവര്‍ അദ്ദേഹം എനിക്ക് തന്നത് പിച്ചില്‍ പന്ത് ടേണ്‍ ചെയ്യുന്നതിനാലാണ്. അത് തന്നെയാണ് എന്നെ ബൗളിങ്ങില്‍ സഹായിച്ചതും. നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ വിജയം കാണാനുമായി'-ഷഹബാസ് പറഞ്ഞു.
ഹൈദരാബാദിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് പ്രധാന വിക്കറ്റുകളാണ് ഷഹബാസ് വീഴ്്ത്തിയത്. 17ആം ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ അപകടകാരിയായ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയെ പുറത്താക്കാന്‍ താരത്തിനായി. രണ്ടാം പന്തില്‍ മനീഷ് പാണ്ഡെയെ പുറത്താക്കിയ ഷഹബാസ്, ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള അബ്ദുല്‍ സമദിനെയും കൂടാരം കയറ്റി. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
തുടര്‍ച്ചയായി രണ്ടാം വിജയം നേടിക്കൊണ്ട് പോയിന്റ് ടേബിളില്‍ ആര്‍ സി ബിയാണ് ഇപ്പോള്‍ ഒന്നാമത്. മുന്‍ പഞ്ചാബ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ അര്‍ദ്ധസെഞ്ച്വറി മികവിലാണ് ബാംഗ്ലൂര്‍ ടീം ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഇത്രയും നാളും ആര്‍ സി ബിക്ക് കിരീടം നേടാനാവാത്തത് മികച്ച ബൗളിങ് നിര ഇല്ല എന്നതിന്റെ പേരിലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അതാണ് നമുക്ക് കാണിച്ചു തരുന്നത്.