ബൗളര്‍മാര്‍ കളം വാണ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്റെ ജയം. ഡല്‍ഹി നിരയില്‍ നായകന്‍ റിഷഭ് പന്തിന് (51) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. എന്നിരുന്നിട്ടും റിഷഭിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവാണ് ഡല്‍ഹിയുടെ തോല്‍വിക്ക് കാരണം എന്ന് വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ ആഷിഷ് നെഹ്ര, അജയ് ജഡേജ തുടങ്ങിയവര്‍ രംഗത്തെത്തിയിരിക്കുന്നു.
advertisement
ആര്‍ അശ്വിന് നാല് ഓവര്‍ പൂര്‍ണ്ണമായും നല്‍കാത്ത റിഷഭിന്റെ തീരുമാനത്തിനെയാണ് നെഹ്റ വിമര്‍ശിച്ചത്. '148 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ അശ്വിന് മൂന്ന് ഓവര്‍ മാത്രം. രാജസ്ഥാന്റെ അഞ്ച് ടോപ് ഓഡര്‍ ബാറ്റ്സ്മാന്‍മാരും പുറത്തായ സമയം. രാഹുല്‍ തെവാത്തിയ ഡേവിഡ് മില്ലര്‍ എന്നീ രണ്ട് ഇടം കൈയന്‍മാര്‍ ക്രീസില്‍ നില്‍ക്കുന്നു. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അശ്വിനെ ഉപയോഗിക്കുക'-നെഹ്ര ചോദിക്കുന്നു.
വളരെ മനോഹരമായാണ് അശ്വിന്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ വിക്കറ്റ് നേടാതെ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി പോലും വഴങ്ങിയിരുന്നില്ല.
മധ്യ ഓവറുകളില്‍ ക്യാപ്റ്റന്‍സിയില്‍ സംഭവിച്ച പിഴവുകളാണ് ഡല്‍ഹിക്ക് മത്സരം നഷ്ടപ്പെടുത്തിയതെന്നാണ് അജയ് ജഡേജ പറയുന്നത്. '13ആം ഓവറിലാണ് രാജസ്ഥാന്‍ റോയല്‍സിന് ചേസിങ്ങിന്റെ താളം ലഭിക്കുന്നത്. അതിന് മുമ്പ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. റബാദ, അവേഷ് ഖാന്‍, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍ തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ബൗളര്‍മാരും മൂന്ന് ഓവര്‍ എറിഞ്ഞിരുന്നു. ടീമിലെ പ്രമുഖ ബൗളര്‍ക്ക് ഒരോവര്‍ കൂടി മാറ്റിവെക്കണമായിരുന്നു. രാജസ്ഥാനെ ആക്രമിക്കാതെ പ്രതിരോധിച്ച് നിര്‍ത്താനുള്ള റിഷഭിന്റെ ശ്രമമാണ് തിരിച്ചടിയായത്'- അജയ് ജഡേജ പറഞ്ഞു.
13ആം ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയാണ് റിഷഭ് പന്തേല്‍പ്പിച്ചത്. ഇത് രാജസ്ഥാന്‍ നന്നായി മുതലാക്കി. 15 റണ്‍സാണ് താരം വഴങ്ങിയത്. 14ആം ഓവറില്‍ ടോം കറാന്‍ 12 റണ്‍സും വഴങ്ങി. 15ആം ഓവറില്‍ മില്ലര്‍ പുറത്തായപ്പോഴേക്കും മോറിസിന് ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചിരുന്നു. ഇതോടെ അവസാന ഓവറുകളില്‍ മോറിസ് തകര്‍ത്തടിക്കുകയായിരുന്നു.
