സ്റ്റോക്‌സിന് പകരം ടീമിലെത്തിയ ഡേവിഡ് മില്ലറും അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. രാജസ്ഥാന്റെ ജയദേവ് ഉനദ്ഘട്ടിന്റെ ബൗളിങ് പ്രകടനമാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. സി എസ് കെ യ്ക്കെതിരേ തിളങ്ങിയ പൃഥ്വി ഷായെയും ശിഖര്‍ ധവാനെയുമെല്ലാം തുടക്കത്തിലെ തന്നെ പുറത്താക്കാന്‍ ഉനദ്ഘട്ടിനായി.
സി എസ് കെയ്ക്കെതിരേ കളം നിറഞ്ഞ് കളിച്ച ഡല്‍ഹിയുടെ ഓപ്പണര്‍മാര്‍ രാജസ്ഥാനെതിരേ ഒന്നും ചെയ്യാനാവാതെ കൂടാരം കയറിയത് ജയദേവ് ഉനദ്ഘട്ടിന്റെ ബൗളിങ് മികവിലായിരുന്നു. പവര്‍പ്ലേയിലെ അപകടകാരിയായ പൃഥ്വി ഷായെ രണ്ട് റണ്‍സ് നേടുമ്പോഴേക്കും സ്ലോ ബോളില്‍ കുടുക്കിയ ഉനദ്ഘട്ട് അതിനുശേഷം ശിഖാര്‍ ധവാനെ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു. അജിന്‍ക്യ രഹാനെയെയും (8) സ്ലോ ബോളിലാണ് ഉനദ്ഘട്ട് കുടുക്കിയത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ഉനദ്ഘട്ടിന്റെ ഈ ബൗളിങ് പ്രകടനമാണ് ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയതും വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തതും.
advertisement
ഇപ്പോഴിതാ പൃത്ഥ്വി ഷായെ എങ്ങനെയാണ് കുടുക്കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉനദ്ഘട്ട്. 'ബൗളര്‍മാരുടെ മീറ്റിങ്ങില്‍ ഫീല്‍ഡ് പ്ലേയ്സ്മെന്റിനെക്കുറിച്ച് കൃത്യമായി സംസാരിച്ചിരുന്നു. പൃത്ഥ്വി ഷായ്ക്കായി ഒന്നിലധികം പദ്ധതികളുണ്ടായിരുന്നു. അവസാന മത്സരത്തില്‍ വളരെ നന്നായി അവന്‍ കളിച്ചിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും അവന്‍ ഷോട്ട് പായിക്കാന്‍ ശ്രമിക്കാറുണ്ട്. അവന്‍ കൂടുതല്‍ ഷോട്ട് കളിക്കുന്ന ഭാഗങ്ങളില്‍ ഫീല്‍ഡറെ നിര്‍ത്തിയതോടെ പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ബാറ്റ്സ്മാന്‍ നിര്‍ബന്ധിതനായി. ബോളില്‍ എന്തെങ്കിലും വ്യത്യാസം വരുത്തിയാല്‍ വലിയ ഷോട്ട് കളിക്കുമ്പോള്‍ പുറത്താവാന്‍ സാധ്യത കൂടുതലാണ്. അതാണ് പൃത്ഥ്വി ചെയ്തത്. ആ ഓവറില്‍ത്തന്നെ അവന്റെ വിക്കറ്റ് നേടാനായത് ഭാഗ്യമായി'-ഉനദ്ഘട്ട് പറഞ്ഞു.
മത്സരവിജയത്തോടെ ടൂര്‍ണമെന്റിലെ ആദ്യ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും, ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ്സും വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ലേലത്തില്‍ റെക്കോര്‍ഡ് തുകയായ 16.25 കോടി രൂപയ്ക്കാണ് മോറിസ് രാജസ്ഥാന്‍ ടീമിലെത്തിയത്.
