ഐ പി എല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം കൈയകലത്തില്‍ നഷ്ടപ്പെട്ടതിന്റെ നിരാശ മറികടക്കാന്‍ എന്ത് വിലകൊടുത്തും അത് നേടിയെടുക്കണം എന്ന വാശിയോടെ ഇറങ്ങിയ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ടൂര്‍ണമെന്റ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോഴും ഡല്‍ഹി ടീം തന്നെയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. എല്ലാവരും ടീമിന്റെ ശക്തമായ ബാറ്റിങ് ഓപ്പണിങ്ങിനെയും യുവനായകന്റെ പ്രതിഭയെയും പുകഴ്ത്തുമ്പോള്‍ ബൗളിങ് നിരയില്‍ ശക്തമായ പ്രതിരോധവും ആക്രമണവും തീര്‍ത്ത ആവേശ് ഖാന്‍ എന്ന യുവ പേസറെ എല്ലാവരും വിസ്മരിക്കുന്നു. ഇപ്പോള്‍ ആവേശ് ഖാന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
advertisement
Also Read- 'ഈ ചിത്രം എന്റെ ശക്തമായ തിരിച്ചുവരവിനുള്ള പ്രചോദനമായി ഉപയോഗിക്കും': നിക്കോളാസ് പുരാന്‍
'ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ നമ്മള്‍ റബാഡ, അശ്വിന്‍, പട്ടേല്‍,മിശ്ര എന്നിവരെക്കുറിച്ചെല്ലാമാണ് സംസാരിക്കുന്നത്. എന്നാല്‍ ആവേശ് ഖാനെക്കുറിച്ച് ആരും പറയുന്നില്ല. ഈ സീസണില്‍ വേണ്ടത്ര പ്രശംസ ലഭിക്കാതെ പോയ താരമാണവന്‍. അവന്‍ നിശബ്ദമായി വരുന്നു, ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തി പര്‍പ്പിള്‍ ക്യാപിനായി പോരാടുന്നു.'- സെവാഗ് പറഞ്ഞു
ഐ പി എല്ലില്‍ മുന്നും കളിച്ചിട്ടുണ്ടെങ്കിലും ആവേശ് ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത് ഈ സീസണിലായിരുന്നു. ന്യൂ ബോളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടും ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ് വമ്പന്‍ സ്‌ക്കോറുകള്‍ നേടുന്നതില്‍ നിന്നും ബാറ്റ്‌സ്മാന്മാരെ പിടിച്ചു നിര്‍ത്തുന്നതിലും ആവേശ് ഖാന്‍ മികവ് കാണിച്ചു. എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ആവേഷ് വീഴ്ത്തിയത്. പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ആവേശ് ഖാന്‍.
ആവേശ് ഖാന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുന്‍ സിംബാബ് വെ താരം പോമി എംബാങ്വെയും രംഗത്തെത്തിയിരുന്നു. കളത്തിലിറങ്ങി തന്റെ ജോലി നന്നായി ചെയ്യുന്ന താരങ്ങളിലൊരാളാണ് അവനെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മത്സരത്തിന്റെ ഏത് ഘട്ടത്തിലും അവന് വിക്കറ്റ് വീഴ്ത്താന്‍ കഴിയുമെന്നും പേസിലും ലെങ്തിലും വ്യതിയാനും വരുത്തുന്ന അവന് നന്നായി യോര്‍ക്കര്‍ എറിയാനും സാധിക്കുന്നുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

