ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെ മുംബൈ ഇന്ത്യൻസിന്റെ കണ്ടെത്തൽ താരങ്ങളുടെ പട്ടികയിൽ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഈ യുവതാരം. ഹൈദരാബാദ് സ്വദേശിയായ ഈ 19 വയസുകാരന്റെ ഇതുവരെയുള്ള ക്രിക്കറ്റ് യാത്ര എളുപ്പമുള്ളതായിരുന്നില്ല. ജീവിതത്തിലെ കഷ്ടപ്പാടുകൾ ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും ജൂനിയർ ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് താരത്തെ ഐപിഎല്ലിന്റെ വേദിയിലേക്ക് എത്തിച്ചത്.
ഇപ്പോഴിതാ പ്രമുഖ ഓൺലൈൻ സ്പോർട്സ് പോർട്ടലായ ക്രിക്ക്ബസിന് അനുവദിച്ച അഭിമുഖത്തിൽ, ഐപിഎൽ യാത്രയും തന്റെ ക്രിക്കറ്റ് കരിയറും വ്യക്തിജീവിതത്തെയും കുറിച്ച് മനസ്സുതുറക്കുകയാണ് തിലക്. മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തതിന് പിന്നാലെയുള്ള കുടുംബാംഗങ്ങളുടെ പ്രതികരണത്തെക്കുറിച്ചും തിലക് മനസ്സ് തുറന്നു.
advertisement
‘ഐപിഎൽ താരലേലം നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പരിശീലകനുമായി വീഡിയോ കോളിലായിരുന്നു. അടിസ്ഥാന വിലയിൽ നിന്നും മുകളിലേക്ക് തുക ഉയരാൻ തുടങ്ങിയത് കണ്ടതോടെ അദ്ദേഹത്തിന് സന്തോഷമായി. ഒടുവിൽ ലേലത്തിൽ മുംബൈ എന്നെ സ്വന്തമാക്കി. അതിന് ശേഷമാണ് ഞാൻ വീട്ടിലേക്ക് വിളിച്ചത്. ഐപിഎല്ലിൽ മുംബൈ എന്നെ സ്വന്തമാക്കിയെന്ന വാർത്ത അറിഞ്ഞതോടെ അവർക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ലായിരുന്നു. ഞാനും ഏറെ വികാരഭരിതനായിരുന്നതിനാൽ എന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. എന്ത് പറയണമെന്ന് എനിക്കും അറിയുന്നുണ്ടായിരുന്നില്ല. ഫോൺ വെക്കുകയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു.' - തിലക് വർമ പറഞ്ഞു.
'ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് വളർന്നത്. അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് എന്റെ ക്രിക്കറ്റ് പരിശീലനത്തിനും മൂത്ത സഹോദരന്റെ പഠനത്തിനുമുള്ള മാർഗം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്പോൺസർമാരാണ് ക്രിക്കറ്റ് ചിലവുകൾ ഏറ്റെടുത്തതിനാൽ എന്റെ കാര്യങ്ങൾ നടന്നുപോകാനുള്ള വഴി അതിൽ നിന്നും ഞാൻ കണ്ടെത്തിയിരുന്നു.' - തിലക് വർമ പറഞ്ഞു.
'പക്ഷേ, സ്വന്തമെന്ന് പറയാൻ ഞങ്ങൾക്കിതുവരെ ഒരു വീട് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഈ ഐപിഎല്ലിൽ നിന്ന് ലഭിക്കുന്നത് എന്താണോ ആ തുക ഉപയോഗിച്ച് അച്ഛനും അമ്മയ്ക്കും ഒരു വീടുവെച്ച് നൽകണമെന്നാണ് ആഗ്രഹം. ഐപിഎല്ലിൽ നിന്നും ലഭിക്കുന്ന സമ്പാദ്യം മുന്നോട്ടുള്ള വർഷങ്ങളിൽ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ അവസരം നൽകും.' തിലക് വർമ പറഞ്ഞു.