ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഉദയകുമാറിന് നേരിടേണ്ടിവന്നത് സമാനകളില്ലാത്ത ക്രൂരതയായിരുന്നു. കുടിക്കാൻ ഒരുതുള്ളി വെള്ളം പോലും കൊടുക്കാതെ ആ ചെറുപ്പക്കാരനെ കാക്കിധാരികൾ തല്ലിച്ചതച്ചു. പണം മോഷ്ടിച്ചതാണെന്ന് സമ്മതിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ശരീരം ആകെ ഉരുട്ടി. തുടയിൽ നിന്നും കാലിൽ നിന്നും പൊളിഞ്ഞ് മാറിയ തൊലി ആ പൈപ്പില്‍ പറ്റിപ്പിടിച്ചു. സാധുവായ ആ മനുഷ്യന്റെ ശ്വാസം നിലയ്ക്കുന്നതുവരെ ഉരുട്ടൽ തുടർന്നു. തിരുവോണ തലേന്ന് വീട്ടിലേക്ക് ഓണാക്കോടിയും കൊണ്ട് വരുന്ന മകനെയും കാത്തിരുന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പിന്നെ കേൾക്കുന്നത് മകന്റെ മരണ വാർത്തയാണ്.
advertisement
തിരഞ്ഞെടുപ്പ് കാലമായതിനാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ കേരളമാകെ പ്രതിഷേധമിരമ്പി. ആർത്തലച്ചുകരയുന്ന പ്രഭാവതിയമ്മയുടെ ചിത്രങ്ങള്‍ പത്രത്താളുകളിൽ നിറഞ്ഞു. ഏക മകന്റെ കൊലയാളികളെ ശിക്ഷിക്കുന്നത് വരെ പോരാട്ടം തുടരും എന്ന് പ്രതിജ്ഞ എടുത്ത് എല്ലാ പരിമിതികൾക്ക് അകത്ത് നിന്നും അമ്മ പോരാട്ടം തുടർന്നു. ഒടുവിൽ ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതിനിടെ മൊഴിമാറ്റങ്ങളടക്കം കേരളം കണ്ടു. നീണ്ട വിചാരണകൾക്കൊടുവിൽ 2018ൽ പ്രതികൾക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചു.
പ്രതികൾ അപ്പീൽ നൽകിയതോടെ നിയമപോരാട്ടം തുടർന്നു. ഇതിനിടെ, വധശിക്ഷ ലഭിച്ച പ്രതിയടക്കം രണ്ട് പേർ മരണപെട്ടു.
ഒടുവിൽ നീണ്ട ഇരുപത് കൊല്ലത്തെ ഒരമ്മയുടെ കണ്ണീരിനും വേദനയ്ക്കും പോരാട്ടത്തിനും ശേഷം മറ്റൊരു ഓണക്കാലത്ത് കോടതി വിധി വന്നു, എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട്.........
ഇനി ഒരു സംശയം മാത്രമാണ് ബാക്കി. പൊലീസുകാർ നിരപരാധികളെങ്കില്‍ ഉദയകുമാര്‍ എങ്ങനെ കൊല്ലപ്പെട്ടു? ശ്രീകണ്ഠേശ്വരം പാർക്കിലിരുന്ന അദ്ദേഹത്തിന് ഉൾവിളി തോന്നി നേരെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി മരണം വരിച്ചതാണോ? പ്രഭാവതിയമ്മയുടെ തീരാനഷ്ടത്തിന് ആരു മറുപടി പറയും?