മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചർച്ച ചെയ്തു തീരുമാനം നടപ്പിലാക്കും.
ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് പുറത്തിറക്കിയ വാർത്ത കുറിപ്പിലെ പ്രധാന ഭാഗങ്ങൾ - ''പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനൻമാരും പൊതുജനങ്ങൾ അവരുടെ ദാസന്മാരും എന്ന സങ്കൽപ്പത്തിൽ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും "സർ " കടന്നുവന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്‌വഴക്കങ്ങൾ ഇത്രയും നാൾ അതുപോലെ തുടരുകയായിരുന്നു. യഥാർത്ഥത്തിൽ യജമാനന്മാർ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്''
advertisement
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്. ഒറ്റപ്പെട്ട ചില പഞ്ചായത്തുകൾ മാത്രമാണ് ഇതിന് മുമ്പ് ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടുള്ളു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്തിൽ 'സാർ', 'മാഡം' വിളിയില്ല
പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്തിൽ സാർ, മാഡം വിളികൾ നിരോധിക്കാൻ പഞ്ചായത്ത് സമിതി യോഗം തീരുമാനിച്ചിരുന്നു. പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ അവിടുത്തെ ജീവനക്കാരെ സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യരുത്. അവരുടെ പേരുകളോ സ്ഥാനങ്ങളോ വച്ച് അഭിസംബോധന ചെയ്യാം. ജീവനക്കാരുടെ പേരുകള്‍ അവരുടെ സ്ഥാനങ്ങളില്‍ എഴുതിവയ്ക്കും.
''സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്‍റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാറുമാണ് നമ്മെ ഭരിക്കുന്നത്''- ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ആര്‍ പ്രസാദ് പറയുന്നു.
മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം 'ചേട്ട','ചേച്ചി' എന്നീ വാക്കുകള്‍ ഉപയോഗിക്കാം. ഒപ്പം തന്നെ 'അപേക്ഷിക്കുന്നു', 'അഭ്യര്‍ത്ഥിക്കുന്നു' എന്നിവ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുള്ള കത്തുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്നും പഞ്ചായത്ത് പ്രമേയം പറയുന്നു. ഇതിന് പകരം ആവശ്യപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാം.
ഏതെങ്കിലും ജീവനക്കാരന്‍ ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയായി നല്‍കാം എന്നും മാത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി പറയുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദ്യാര്യമല്ല - പഞ്ചായത്ത് ഭരണ സമിതി പാസാക്കിയ പ്രമേയം പറയുന്നു.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് സമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പവിത്ര മുരളീധരന്‍ പറയുന്നത്.
