ഉപജീവനമാർഗമായ കന്നുകാലികളെ പുലിയും കടുവയുമെല്ലാം കൊന്നൊടുക്കുന്നത് മൂന്നാർ തോട്ട മേഖലയിൽ പതിവാകുകയാണ്. നൂറിലേറെ പശുക്കൾ പുലിയുടെയും കടുവയുടെയും അക്രമണത്തിൽ ഈ മേഖലയിൽ ചത്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൈലന്റ് വാലി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നഷ്ടമായത് നാല് കന്നുകാലികളെയാണ്. സൈലന്റ് വാലി എസ്റ്റേറ്റിലെ രണ്ടാമത്തെ ഡിവിഷനിലെ തൊഴിലാളിയായ രാജയുടെ പശുവിനെയാണ് ഒടുവിൽ പുലി ആക്രമിച്ചത്. മേയാൻ വിട്ട പശു വൈകുന്നേരം വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
advertisement
കഴിഞ്ഞ കുറച്ചുകാലമായി ഈ പ്രദേശത്ത് വന്യമൃഗത്തിന്‍റെ സാന്നിദ്ധ്യമുണ്ട്. ഇത് പുലിയാണെന്ന് തൊഴിലാളികൾ പറയുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു.
വനം വകുപ്പ് പുലിയെ പിടികൂടാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് തോട്ടം മേഖലയിലെ തൊഴിലാളികൾ.