തനിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ പ്രമുഖ ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി എന്ന വാർത്തയിൽ വന്ന ഒരു കമന്റാണിത്. നിയമനടപടി നേരിടുന്ന ബോബിക്കെതിരെ വലിയ ട്രോളുകളും പരിഹാസങ്ങളും ആണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ജയിലിലേക്ക് ജയിൽ വേഷത്തിൽ പോകുന്ന ആദ്യ വ്യക്തി ബോബി ചെമ്മണ്ണൂർ ആയിരിക്കുമെന്നാണ് ആളുകളുടെ നിരീക്ഷണം. ബോബിയിട്ട ഡ്രസ്സിൽ ഇനി ഒരു നമ്പർ കൂടി ഇട്ടാൽ മതിയെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആരോടും ദ്വയാർത്ഥപ്രയോഗത്തിൽ സംസാരിക്കുന്ന ബോബി ചെമ്മണ്ണൂരിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
advertisement
എന്നാൽ ഇതിന് മറ്റൊരു വശം കൂടി പറയാനുണ്ട്,
"നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും"
ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ പ്രശസ്തമായ വിജയമന്ത്രമാണിത്. ഇത് ബോബിയുടെ കാര്യത്തിൽ ഏതാണ്ട് ശരിയായി വരികയാണ്.ജീവിതത്തിൽ എല്ലാം സാഹസമായി കണ്ടിരുന്ന ബോബിയുടെ ആഗ്രഹങ്ങളിൽ ഒന്നാണ് ഇപ്പോൾ പടിപടിയായി നടന്നു കൊണ്ടിരിക്കുന്നത്. അതും ഈ ലോകം തന്നെ ബോബിയിലേക്ക് ഉറ്റു നോക്കും വിധം. പോലീസ് ചേസിങ്, കസ്റ്റഡി, അറസ്റ്റ്, ജയിൽ ഇതെല്ലാം കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ബോബി ചെമ്മണ്ണൂർ അനുഭവിച്ചു കഴിഞ്ഞു. ഈ കേസിൽ ജയിൽവാസം സാധ്യമോ എന്നത് വരും മണിക്കൂറുകളിൽ അറിയാം.
ജയിലിൽ കിടന്നുള്ള അനുഭവം ബോബിക്ക് ഇതാദ്യമല്ല. ജയിൽ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹത്തെ ബോബി ഇതിനു മുന്നേ തന്നെ സഫലമാക്കിയതാണ്. 2018ലായിരുന്നു ഈ ജയിൽവാസം. എന്നാൽ അന്ന് കേസിന്റെ പേരിൽ അല്ലായിരുന്നു. അങ്ങോട്ട് കാശ് കൊടുത്താണ് അകത്തുപോയത്. തെലങ്കാനയിൽ ടൂറിസം പരിപാടിയുടെ ഭാഗമായി "ഫീൽ ദ ജയിൽ" എന്ന പദ്ധതി പ്രകാരമാണ് ഒരു ദിവസം ജയിൽ ശിക്ഷ അനുഭവിച്ചത്. ജയിലിൽ കിടക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ബോബി ചെമ്മണ്ണൂർ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. 15 വർഷങ്ങൾക്കു മുമ്പ് ഞാൻ കേരളത്തിലെ ജയിലിൽ കഴിയാൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ കുറ്റം ചെയ്താൽ മാത്രമേ കേരളത്തിലെ ജയിലിൽ കഴിയാൻ സാധിക്കൂ എന്നാണ് അധികാരികൾ ബോബി ചെമ്മണ്ണൂരിന് നൽകിയ മറുപടി. അങ്ങനെയാണ് ഈ ആഗ്രഹം തെലങ്കാനയിൽ എത്തി അദ്ദേഹം സാധ്യമാക്കിയത്. തെലങ്കാന ജയിലിൽ 24 മണിക്കൂർ കഴിയാൻ 500 രൂപയാണ് ഫീസ്. ആ സൗകര്യം പ്രയോജനപ്പെടുത്തി ജയിൽവാസമെന്ന മോഹത്തെ ബോബി സഫലീകരിച്ചു.
2016ലാണ് തെലങ്കാനയിലെ മേഡക് ജില്ലയിലെ സംഗറെഡ്ഡി പട്ടണത്തിലുള്ള പഴയ ജില്ലാ സെൻട്രൽ ജയിൽ വിനോദസഞ്ചാരികൾക്കായി തുറന്നു നൽകിയത്. 500 രൂപ നൽകിയാൽ ഒരു ദിവസത്തെ ജയിൽ ജീവിതം ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരമുണ്ട്. ഒരു തടവുകാരനെപ്പോലെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാം. മറ്റ് തടവുകാരുമായി ഇടപെഴകുകയും ചെയ്യാം. ഇപ്പോഴിതാ ആറു വർഷത്തിനപ്പുറം കേരളത്തിലെ ജയിൽവാസത്തിന് തക്കതായ ആരോപണ വിധേയനായി ബോബി ചെമ്മണ്ണൂർ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇനി ബോബിയുടെ ഉടുപ്പിൽ ജയിലിലെ നമ്പർ കയറുമോ എന്ന പ്രവചനം കൂടി ശരിയാകുമോ എന്നാണ് സോഷ്യൽ മീഡിയ നോക്കിയിരിക്കുന്നത്.