ലക്ഷങ്ങളുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പരിമിതമായ സൗകര്യങ്ങളുള്ള ബസ് സ്റ്റോപ്പുകൾ നമുക്ക് നാട് നീളെ കാണാനാകും. എന്നാൽ വെറും 1.22 ലക്ഷം രൂപയ്ക്ക് മലയാറ്റൂരിൽ ബസ് സ്റ്റോപ്പ് നിർമിച്ചിരിക്കുകയാണ് സേവ്യർ വടക്കുംഞ്ചേരി എന്ന വാർഡ് മെമ്പറും പ്രദേശവാസികളും. ഇവിടെ സിമന്‍റിനും കമ്പിക്കും ടൈലിനും ചെലവായ തുക കിറുകൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് ഈ അടിപൊളി ബസ് സ്റ്റോപ്പ് നിർമിച്ചിരിക്കുന്നത്.
കേരളത്തിൽ മുക്കിന് മുക്കിന് ബസ് സ്റ്റോപ്പുകൾ പണിതുയർത്തുന്ന തിരക്കിലാണ് എംഎൽഎമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ. പല ബസ് സ്റ്റോപ്പുകൾക്കും ചെലവ് ഒരു വീട് പണിയുന്ന അതേ ചെലവായിരിക്കും. എന്നാൽ സൗകര്യങ്ങളോ വളരെ പരിമിതമായിരിക്കും.
advertisement
ഫോർട്ട് കൊച്ചിയിലെ ചിരട്ടപ്പാലത്ത് കെ ജെ മാക്സി എംഎൽഎയുടെ ഫണ്ടിൽനിന്ന് നിർമിച്ച ബസ് സ്റ്റോപ്പിന് 11 ലക്ഷം രൂപയിലേറെ ചെലവായതായി കരാറുകാരൻ മാതൃഭൂമി ന്യൂസിനോട് പറയുന്നു. എന്നാൽ അത്രയും രൂപയ്ക്കുള്ള സൌകര്യങ്ങൾ അവിടെ കാണാനുമില്ല. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ കോക്കേഴ്സ് ജങ്ഷനിൽ 9 ലക്ഷത്തോളം ചെലവാക്കി നിർമിച്ച കുഞ്ഞൻ ബസ് സ്റ്റോപ്പും കാണാം. അതും കെ ജെ മാക്സി എംഎൽഎയുടെ ഫണ്ടിൽനിന്നാണ്. എന്നാൽ ഇവിടെയൊന്നും നിർമാണത്തിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രം.
ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ പുന്നക്കലിൽ പണിത ബസ് സ്റ്റോപ്പ് തകർച്ചയുടെ വക്കിലാണ്. ഷീറ്റും മേൽക്കൂരയും തകർന്നു. ഈ ബസ് സ്റ്റോപ്പിലും ചെലവായ തുക രേഖപ്പെടുത്തിയിട്ടില്ല. മലയാറ്റൂരിന് സമീപം റോജി എം ജോൺ എംഎൽഎ നിർമിച്ച ബസ് സ്റ്റോപ്പുകളിലും നിർമാണത്തിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടില്ല. അതിനിടെയാണ് മലയാറ്റൂരിൽ സേവ്യർ വടക്കുഞ്ചേരിയുടെ ബസ് സ്റ്റോപ്പ് ശ്രദ്ധേയമാകുന്നത്.