കോടതി വിധി വന്നതിന് പിന്നാലെ 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. നല്ല സൗഹൃദമായിരുന്നു. അന്വേഷണത്തിന്റെ ആദ്യ നാല് മാസം അവര്‍ തന്റെ പേര് പോലും പറഞ്ഞിരുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവര്‍ തനിക്കെതിരെ മൊഴി നല്‍കിയതെന്നും ദിലീപ് പറയുന്നു.
തന്നെ 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നൊക്കെ പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പച്ചക്കള്ളമാണ്. ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായി ചോദ്യം ചെയ്തത്. ബാക്കി സമയം ഉദ്യോഗസ്ഥര്‍ തന്നോട് കുശലാന്വേഷണം നടത്തി ഇരിക്കുകയായിരുന്നു. പുറത്ത് തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ പോലീസ് ബോധപൂര്‍വ്വം കള്ളക്കഥകള്‍ മെനഞ്ഞു. തന്നെയും കുടുംബത്തെയും സമൂഹത്തില്‍ ഒറ്റപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. കുടുംബപ്രേക്ഷകരെ തന്നില്‍ നിന്ന് അകറ്റാനും, തനിക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവരെയും വക്കീലന്മാരെയും വരെ കേസില്‍ കുടുക്കാനും ശ്രമം നടന്നു. ഉദ്യോഗസ്ഥര്‍ക്ക് പ്രശസ്തി നേടാന്‍ തന്റെ ജീവിതമാണ് ബലി നല്‍കിയതെന്നും ദീലീപ് പറയുന്നു.
advertisement
തന്നെ കേസില്‍ കുടുക്കാന്‍ അന്വേഷണ സംഘം ഗൂഢാലോചന നടത്തുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ആദ്യ ആറ് പ്രതികള്‍ പിടിയിലായപ്പോള്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെക്കൊണ്ട് പോലും താനാണ് സൂത്രധാരന്‍ എന്ന് വിശ്വസിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയായിരുന്നു ഈ നീക്കം.
തന്നെ കള്ളക്കേസില്‍ കുടുക്കി ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അമ്മ സംഘടനയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വിധി കണക്കിലെടുത്ത് സംഘടന തന്നെ തീരുമാനിക്കട്ടെ എന്നും ദിലീപ് വ്യക്തമാക്കി.
