ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ ഗൂഡാലോചനയുടെ ഭാഗം. കോടതിയിൽ തിരിച്ചടി ഉണ്ടായപ്പോഴാണ് ബാലചന്ദ്രകുമാർ പുതിയ ആരോപണവുമായി രംഗത്ത് വന്നത്. ബാലചന്ദ്ര കുമാറിന് മറുപടിയില്ല, താൻ ഇതിനുള്ള മറുപടി കോടതിയിൽ നൽകുമെന്നും ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു.
ഫോണിലെ വാട്സാപ്പ് ചാറ്റുകൾ നശിപ്പിക്കാൻ സൈബർ വിദഗ്ധനായ സായി ശങ്കറിനെ ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ വാട്സാപ്പ് ചാറ്റുകൾ നശിപ്പിക്കാൻ ആരെയും ഏർപ്പെടുത്തിയിരുന്നില്ലെന്നായിരുന്നു ദിലീപിൻ്റെ മറുപടി. ഫോൺ ഹാങ് ആവാതെയിരിക്കാൻ താൻ തന്നെയാണ് ചാറ്റുകൾ ഡീലിറ്റ് ചെയ്തതെന്ന് ദിലീപ് പറഞ്ഞു.
advertisement
ഈ സമയം സായ് ശങ്കറിൽ നിന്നും ലഭിച്ച ദിലീപിൻ്റെ ഫോണിൽ നിന്നും നീക്കം ചെയ്ത ഡിജിറ്റൽ വിവരങ്ങൾ അന്വേഷണ സംഘം ഹാജരാക്കിയപ്പോൾ മൗന്മായിരുന്നു ദിലീപിൻ്റെ മറുപടി.
ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിലും ബാലചന്ദ്രകുമാറിൻ്റെ ഈ ആരോപണം ദിലീപ് നിഷേധിച്ചു. കൂടുതൽപേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോടും വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
തുടരന്വേഷണത്തിൻ്റെ ഭാഗമായി ദിലീപിനെയും, ബാലചന്ദ്രകുമാറിനെയും, ആറാം പ്രതിയും, ദിലീപിൻ്റെ സുഹൃത്തുമായ ശരത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുവാനും അന്വേഷണ സംഘം ലക്ഷ്യമിടുന്നുണ്ട്. ഇന്നലെ വധശ്രമ ഗൂഢാലോചന കേസിൽ ശരത്തിനെ കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാക്കുവാനാണ് അന്വേഷണ സംഘത്തിൻ്റെ നിർദേശം.
രണ്ട് ദിവസവും ചോദ്യം ചെയ്യലിന് ശേഷം ദിലീപ് മടങ്ങിയത് ചോദ്യം ചെയ്യലിനായി എത്തിയ ഫോകസ് വാഗൺ കാറിൽ തന്നെയായിരുന്നു. എന്നാൽ വീട്ടിൽ മടങ്ങിയെത്തിയ ശേഷം വോൾസ് വാഗൺ ഒഴിവാക്കി ആൾട്ടോ കാറിൽ നേരെ പോയത് അഭിഭാഷകനെ കാണാനായിരുന്നു. മാധ്യമ ശ്രദ്ധ ഒഴിവാക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഈ ക്രമീകരണം. രണ്ട് ദിവസങ്ങളിലെ ചോദ്യം ചെയ്യലും, നൽകിയ മറുപടിയെ കുറിച്ചും അഭിഭാഷകനെ ദീലീപ് ധരിപ്പിച്ചു.