കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത് 16 മണിക്കൂറോളമാണ്. ആദ്യ ദിവസം 6 മണിക്കൂറും, രണ്ടാം ദിവസം ഒൻപത് മണിക്കൂറുമാണ് ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ (Dileep) ചോദ്യം ചെയ്തു. ആദ്യ ഘട്ടത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ ദിലീപിനെ വീണ്ടും വിളിച്ച് വരുത്താനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിനെയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയത്. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതടക്കമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ബാലചന്ദ്രകുമാറിന്റെ മൊഴി നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതൽ ദിലീപ് സ്വീകരിച്ചത്. തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്ത വിഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമായിരുന്നു ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ നടന്നത്
ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിലും ബാലചന്ദ്രകുമാറിൻ്റെ ഈ ആരോപണം ദിലീപ് നിഷേധിച്ചു. കൂടുതൽപേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോടും വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
തുടരന്വേഷണത്തിൻ്റെ ഭാഗമായി ദിലീപിനെയും, ബാലചന്ദ്രകുമാറിനെയും, ആറാം പ്രതിയും, ദിലീപിൻ്റെ സുഹൃത്തുമായ ശരത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുവാനും അന്വേഷണ സംഘം ലക്ഷ്യമിടുന്നുണ്ട്. ഇന്നലെ വധശ്രമ ഗൂഢാലോചന കേസിൽ ശരത്തിനെ കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാക്കുവാനാണ് അന്വേഷണ സംഘത്തിൻ്റെ നിർദേശം.
രണ്ട് ദിവസവും ചോദ്യം ചെയ്യലിന് ശേഷം ദിലീപ് മടങ്ങിയത് ചോദ്യം ചെയ്യലിനായി എത്തിയ വോൾസ് വാഗൺ കാറിൽ തന്നെയായിരുന്നു. എന്നാൽ വീട്ടിൽ മടങ്ങിയെത്തിയ ശേഷം വോൾസ് വാഗൺ ഒഴിവാക്കി ആൾട്ടോ കാറിൽ നേരെ പോയത് അഭിഭാഷകനെ കാണാനായിരുന്നു. മാധ്യമ ശ്രദ്ധ ഒഴിവാക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഈ ക്രമീകരണം. രണ്ട് ദിവസങ്ങളിലെ ചോദ്യം ചെയ്യലും, നൽകിയ മറുപടിയെ കുറിച്ചും അഭിഭാഷകനെ ദീലീപ് ധരിപ്പിച്ചു. ദിലീപിന്റെ ചോദ്യം ചെയ്യൽ തൽക്കാലം പൂർത്തിയായെന്നും, ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും എ. ഡി. ജി. പി എസ്. ശ്രീജിത്ത് പറഞ്ഞു. കൂടുതൽപേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോടും വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.