സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ വിവാദങ്ങൾക്കൊടുവിൽ നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇന്നലെ സീൽ വെച്ച കവറിൽ 600 പേജുള്ള റിപ്പോർട്ട് ഡിജിപിക്ക് മെസഞ്ചർ വഴി സമർപ്പിക്കുകയായിരുന്നു. എന്നാൽ ഡിജിപി ഓഫീസിൽ ഇല്ലാത്തതിനാൽ റിപ്പോര്‍ട്ട് പരിശോധിക്കാനായില്ല. റിപ്പോർട്ടിൽ അന്വേഷണ വിവരങ്ങളും മൊഴികളും ഉൾപ്പെടുന്നുണ്ട്.
ആരോപണങ്ങളെത്തുടർന്ന് പൂരം അവസാനിച്ചയുടൻ അങ്കിത് അശോകിനെ കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പായതിനാൽ ഒന്നര മാസത്തോളം വൈകിയതിനുശേഷമാണ് അങ്കിത് അശോകിനെ മാറ്റിയത്. 2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വൻ വിവാദത്തിലായത്. 21ന് പുലർച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം.
advertisement
തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പൊലീസിനെ ചോദ്യം ചെയ്തു. ആൾക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്നും പരാതിയുയർന്നു. പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു.