സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; എകെജി സെന്‍ററിലേക്ക് മാർച്ച്
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനെതിരെ എസ്.എഫ്ഐ ആക്രമണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിരവധി സ്ഥലങ്ങളിൽ സിപിഎമ്മിന്‍റെ ഫ്ലെക്സുകളും ബാനറുകളും നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്‍ററിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. എകെജി സെന്‍ററിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു.
advertisement
വയനാട്ടിൽ ആരംഭിച്ച പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചു. ഡൽഹിയിൽ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.
പാലക്കാട്, തൃശൂർ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പാലക്കാട് ദേശീയ പാത ഉപരോധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ആലുവയിൽ യൂത്ത് കോൺഗ്രസ് KSU പ്രതിഷേധം നടന്നു. കോട്ടയത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. അതിനുശേഷം തിരുനക്കരയിൽ എം സി റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഇതേ സമയം ക്ഷേത്രത്തിനു സമീപം സിപിഎം പ്രവർത്തകർ തടിച്ചുകൂടിയത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. സിപിഎം കോൺഗ്രസ് സംഘർഷം നടക്കുമ്പോൾ മതിയായ പൊലീസ് സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
അക്രമം നീതികരിക്കാനാവില്ല: ശ്രേയാംസ് കുമാർ
വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിയുടെ ഓഫീസിനുനേരേ വെള്ളിയാഴ്ച നടന്ന ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു.
പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത്. എം.പി.യുടെ ഓഫീസ് അടിച്ചുതകർത്തതുകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം കാണാനാവില്ല. ഇത്തരം അക്രമസമരങ്ങൾ കേരളത്തിലെ സമരചരിത്രത്തിനുതന്നെ അപവാദമാണ്. ഈ സംഭവത്തിൽ അടിയന്തമരായി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.