നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സോഫ്റ്റ്വെയറിലെ സങ്കേതിക തകരാര്‍ കാരണം റോഡിലെ എ ഐ ക്യാമറകള്‍ പിടികൂടുന്ന നിയന്ത്രണങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ അയക്കുന്നത് മുടങ്ങി. ഇന്നലെ ഉച്ചയോടെ ഉണ്ടായ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.
advertisement
ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കെല്‌ട്രോണിന്റെ സര്‍വറിലേക്കാണ് ആദ്യം എത്തുക. ഈ ദൃശ്യങ്ങള്‍ പിന്നീട് ജില്ലയിലെ വിവിധ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അനുമതി നല്‍കിയശേഷം ചലാന്‍ രൂപീകരിക്കാനായി ഡല്‍ഹിയിലെ സര്‍വറിലേക്ക് അയക്കും. എന്‍ഐസി ചലാന്‍ രജിസ്റ്റര്‍ ചെയ്തു കെല്‍ട്രോണിന്റെ സര്‍വറിലേക്ക് തിരിച്ച് അയക്കും. കെല്‍ട്രോണ്‍ ജീവനക്കാരാണ് ചലാന്‍ അയക്കുന്ന ജോലികള്‍ ചെയ്യുന്നത്.
നിയമം ലംഘിക്കുന്നവരെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയക്കുന്ന പ്രവര്‍ത്തനവും തകരാറുകാരണം ആരംഭിക്കാന്‍ ആയിട്ടില്ല. കഴിഞ്ഞദിവസം സംസ്ഥാനത്ത് 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
Also read- കേരളത്തിൽ എ ഐ ക്യാമറയുളള 726 ഇടങ്ങൾ അറിയാമോ?
726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ കണ്ടെത്തും.
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.