ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ സന്ദർശിച്ച രാഹുൽ ഗാന്ധി കർണാടക സർക്കാരുമായി നടത്തിയ ഇടപെടലിനെ തുടർന്നായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപനം. കർണാടകയുടെ ധനസഹായ പ്രഖ്യാപനത്തിനെതിരെ മുഖ്യ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് 15 ലക്ഷം രൂപ വേണ്ടെന്നു വെക്കാൻ കുടുംബം തീരുമാനിച്ചത്. ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എം പിക്കും കർണാടക സർക്കാരിനും നന്ദിയറിയിച്ച കുടുംബം വിഷയം രാഷ്ട്രീയവൽകരിച്ച ബിജെപിയുടേത് മനുഷ്യത്വ രഹിത നടപടിയാണെന്നും കുറ്റപ്പെടുത്തി.
ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എം പിക്കും കർണാടക സർക്കാറിനും നന്ദി അറിയിച്ച കുടുംബം, ബിജെപിയുടേത് വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന കാപട്യമാണെന്നും കുറ്റപ്പെടുത്തി. അതേസമയം അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന കർണാടക ഉൾവനത്തിലേക്ക് കയറിയ പശ്ചാത്തലത്തിൽ ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം കഴിഞ്ഞ ദിവസം വനപാലക സംഘം ഉപേക്ഷിച്ചിരുന്നു.
advertisement
അജീഷിന്റെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. കർണാടക സർക്കാർ സഹായം നൽകുന്നതിനെതിരെ ബിജെപി രംഗത്തെത്തിയതോടെ സംഭവം വിവാദമായിരുന്നു. വയനാട് സന്ദർശിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.