മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ടാണ് ഹസൻ പിന്നിട്ടത്. എല്ലാവരുടെയും സഹായവും പിന്തുണയുമുള്ളത് കൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാൻ കഴിഞ്ഞതെന്ന് അദ്ദേഹം കൊച്ചിയിൽ പ്രതികരിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാനായി മംഗലാപുരത്ത് നിന്നും ഹസൻ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലൻസ് ഡ്രൈവമാരുടെ കൂട്ടായ്‌മയും കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എല്ലാത്തിനും സജ്ജരായി നിന്നു. സോഷ്യൽ മീഡിയയിലുടെ വാർത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി.
advertisement
സർക്കാർ ഇടപെട്ടതോടെ ആംബുലൻസ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പദ്ധതിയിൽ മാറ്റം വരുത്തി. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയിൽ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സർക്കാർ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ്നൽകിയതോടെ ആംബുലൻസ് അമൃതയിലേക്ക് തിരിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലൻസ് 400 കിലമീറ്റർ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.
ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബർ 10ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ആർസിസിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസൻ രോഗിയെ എത്തിച്ചിട്ടുണ്ട്.
