വന്ദേഭാരത് ട്രെയിനുകൾക്ക് തിരക്കേറുമ്പോഴും കുറഞ്ഞ നിരക്കുള്ള അമൃത് ഭാരത് ടിക്കറ്റുകൾ ആവശ്യക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ പ്രധാന കാരണങ്ങൾ എന്തെന്ന് നോക്കാം.
ഒഴിഞ്ഞുകിടക്കുന്ന ബർത്തുകൾ
ജനുവരി 27 മുതൽ സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു (16329/16330) അമൃത് ഭാരത് വണ്ടിയിൽ സ്ലീപ്പർ ബർത്തുകൾ ബുക്കിങ് ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്കായി ജനുവരി 27 മുതൽ മാർച്ച് 24 വരെയുള്ള ദിവസങ്ങളിൽ 317 മുതൽ 406 വരെ സ്ലീപ്പർ സീറ്റുകൾ ലഭ്യമാണ്. കണ്ണൂർ-തിരുവനന്തപുരം റൂട്ടിലാകട്ടെ 567 സീറ്റുകൾ വരെ ഒഴിവുണ്ട്.
advertisement
സ്റ്റോപ്പുകളിലെ വിവേചനം
സ്റ്റോപ്പുകൾ അനുവദിക്കുന്നതിലെ അപാകതയാണ് യാത്രക്കാർ കുറയാനുള്ള പ്രധാന കാരണം.
തെക്കൻ കേരളത്തിൽ ചുരുങ്ങിയ ദൂരത്തിൽ കൂടുതൽ സ്റ്റോപ്പുകൾ നൽകുമ്പോൾ മലബാർ മേഖലയിൽ കിലോമീറ്ററുകളോളം സ്റ്റോപ്പുകളില്ല.
തിരുവനന്തപുരം - കോട്ടയം: 133 കിലോമീറ്ററിനിടെ 10 സ്റ്റോപ്പുകൾ.
ഷൊർണൂർ - കോഴിക്കോട്: 86 കിലോമീറ്ററിനിടെ വെറും 2 സ്റ്റോപ്പുകൾ (തിരൂർ, കോഴിക്കോട്).
കോഴിക്കോട് - മംഗളൂരു: 221 കിലോമീറ്റർ ദൂരത്തിനിടയിൽ തലശ്ശേരി, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകൾ.
കണ്ണപുരം മുതൽ കാഞ്ഞങ്ങാട് വരെയുള്ള പ്രധാനപ്പെട്ട ആറ് സ്റ്റോപ്പുകളെ (കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്) അവഗണിച്ചത് സാധാരണക്കാരായ യാത്രക്കാരെ ഈ ട്രെയിനിൽ നിന്ന് അകറ്റുന്നു.
സമയക്രമത്തിലെ അശാസ്ത്രീയത
വേഗതയുടെ കാര്യത്തിലും വലിയ വൈരുധ്യങ്ങളുണ്ട്. സ്റ്റോപ്പുകൾ പിടിച്ചു വാങ്ങുന്ന എംപിമാർ ഏറെ ഉണ്ടെങ്കിലും
തിരുവനന്തപുരത്തുനിന്ന് വേഗത്തിലാണ് കുതിക്കുന്നത്. എന്നാൽ അതേ വണ്ടി മലബാറിലെത്തുമ്പോൾ ഇഴഞ്ഞുനീങ്ങുന്നു.
കോഴിക്കോട് നിന്ന് കണ്ണൂരിലെത്താൻ എക്സ്പ്രസ് ട്രെയിനുകളേക്കാൾ 40 മിനിറ്റ് അധികമെടുക്കുന്നു.
കാസർഗോഡ് നിന്ന് മംഗളൂരുവിലെത്താൻ ടൈംടേബിൾ പ്രകാരം മൂന്ന് മണിക്കൂർ വേണം! എന്നാൽ തിരിച്ചു വരുമ്പോൾ ഇതേ ദൂരം വെറും 37 മിനിറ്റുകൊണ്ട് പിന്നിടുന്നു.
കാസർഗോഡിനോടുള്ള അവഗണന
ഏറനാട് എക്സ്പ്രസ് കോഴിക്കോടിനും കാസർഗോഡിനും ഇടയിൽ 12 സ്റ്റോപ്പുകളും മാവേലിയിൽ 10 സ്റ്റോപ്പുകളും ഉള്ളപ്പോൾ, അമൃത് ഭാരതിന് വെറും രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. രാത്രി 12.47ന് കണ്ണൂരിൽ ഇറങ്ങുന്ന ഒരു യാത്രക്കാരന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകണമെങ്കിൽ പുലർച്ചെ വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ.
ചുരുക്കത്തിൽ, വന്ദേഭാരതിനേക്കാൾ കുറഞ്ഞ നിരക്കും (സ്ലീപ്പർ മിനിമം 165 രൂപ, ജനറൽ 35 രൂപ) ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടും, അശാസ്ത്രീയമായ സ്റ്റോപ്പുകളും സമയക്രമവും കാരണം അമൃത് ഭാരത് യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണ്.
കണ്ണൂര് കഴിഞ്ഞാൽ തലയെടുപ്പുള്ള ഒരു ഡസൻ നേതാക്കൾ എല്ലാ പാർട്ടിയിലും ആയി നിരന്ന് നിന്നിട്ടും ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളിൽ തന്നെയാണ് റെയിൽവേയുടെ വിളമ്പ് എന്നത് ഈ ട്രെയിനിന്റെ കാര്യത്തിലും അന്വർത്ഥമാകുന്നു.
