ഞായറാഴ്ച വധുവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് വിവരം.
അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് 2016 ലും 2021 ലും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട റോജി എം ജോൺ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. എറണാകുളം തേവര എസ്എച്ച് കോളേജ് ചെയർമാനായിരുന്നു. ജെഎൻയുവിലെ ഉപരിപഠനത്തിനിടെ എൻ എസ് യു നേതൃത്വത്തിലേക്ക് ഉയർന്നു. എൻഎസ്‌യു അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള റോജിയെ 2016 ലാണ് അങ്കമാലി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയത്.
advertisement
2016ലെ തിരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ ജോണി മൂഞ്ഞേലിയെ പരാജയപ്പെടുത്തിയാണ് റോജി എം ജോൺ നിയമസഭയിലെത്തിയത്. 2021 ൽ ജോസ് തെറ്റയിൽ മണ്ഡലം തിരിച്ചുപിടിക്കാൻ മത്സര രംഗത്ത് ഇറങ്ങിയെങ്കിലും റോജിയെ പരാജയപ്പെടുത്താൻ സാധിച്ചിരുന്നില്ല.
കോൺഗ്രസിന്റെ യുവ നേതാക്കളിൽ പ്രമുഖനായ റോജി എം ജോൺ 41ാം വയസിലാണ് വിവാഹിതനാകുന്നത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എംവി ജോണിൻ്റെയും എൽസമ്മയുടെയും മകനായി 1984 ലാണ് ജനിച്ചത്. അങ്കമാലിക്കടുത്ത് കുറുമശേരിയിലാണ് റോജി താമസിക്കുന്നത്.
