മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻമന്ത്രി ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. മൂന്നര പതിറ്റാണ്ട് നീണ്ട കേസിൽ, നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധി വന്നതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദായി. തെളിവ് നശിപ്പിക്കലിനാണ് മുന്ന് വർഷം തടവിന് ശിക്ഷിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
advertisement
ഐപിസി 120 ബി പ്രകാരം ആറ് മാസം തടവ്, 201-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും 193 പ്രകാരം മൂന്ന് വർഷം, 465-ാം വകുപ്പ് പ്രകാരം രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ എല്ലാം കൂടി 9 വർഷത്തിനടുത്ത് തടവ് വരുമെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാല്‍ ഏറ്റവും ഉയർന്ന കാലാവധിയായ മൂന്ന് വർഷം മാത്രം തടവിൽ കഴിഞ്ഞാൽ മതിയാകും. അതേസമയം, ശിക്ഷാ കാലാവധി മൂന്ന് വർഷമോ അതിൽ താഴെയോ ആയതിനാൽ കോടതിക്ക് തന്നെ നേരിട്ട് ജാമ്യം അനുവദിക്കാൻ സാധിക്കുമെന്നതുകൊണ്ട് ആൻ്റണി രാജുവിന് ജയിലിൽ പോകേണ്ടി വരില്ല.
1990ൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവറ്റോർ സെർവെല്ലി തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 61.5 ഗ്രാം ഹാഷിഷ് കടത്താൻ ശ്രമിച്ചതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവത്തിലാണ്, പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജുവിനെതിരെ കേസെടുത്തത് .പ്രതിയെ രക്ഷപെടുത്താനായി കേസിലെ നിർണായക തൊണ്ടിമുതലായ പ്രതിയുടെ കടുംനീല നിറത്തിൽ ബനിയൻ തുണിയിലുള്ള അടിവസ്ത്രം കൈവശപ്പെടുത്തി അളവ് മാറ്റി തയ്ച്ച് തിരിച്ചുവച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.
