പേരാമ്പ്രക്ക് പകരം തിരുവമ്പാടി
യുഡിഎഫിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്ന സീറ്റാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. ജോസ് വിഭാഗം മുന്നണി വിട്ട സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിന് പേരാമ്പ്ര നൽകാനാണ് സാധ്യത. എന്നാൽ ഇക്കുറി പേരാമ്പ്ര ക്ക് പകരം തിരുവമ്പാടി സീറ്റാണ് ജോസഫ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതാണ് സൂചന. തിരുവമ്പാടിയിൽ പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം എന്നാണ് സൂചന.പേരാമ്പ്ര മണ്ഡലത്തെ ക്കാൾ കുടിയേറ്റ കർഷകരുടെ സാന്നിധ്യം കൂടുതലായുള്ളത് തിരുവമ്പാടിയിൽ ആണെന്നാണ് ജോസഫ് ഗ്രൂപ്പിൻറെ വിലയിരുത്തൽ. ജോസഫ് ഗ്രൂപ്പിൻറെ കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെയും ഈ മേഖലയിൽ സ്വാധീനമുള്ള മറ്റൊരു വനിതാ നേതാവിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
advertisement
തുടരുന്ന മക്കൾ രാഷ്ട്രീയം
കേരള കോണ്ഗ്രസ് ഗ്രൂപ്പുകളിലെല്ലാം മക്കൾ രാഷ്ട്രീയമുണ്ട്. തങ്ങളുടെ രാഷ്ട്രീയ പിൻഗാമികളായി മക്കളെ തന്നെയാണ് പ്രധാന നേതാക്കളെല്ലാം കളത്തിൽ ഇറക്കിയിരുന്നത്. എന്നാൽ മക്കൾ രാഷ്ട്രീയത്തിന്റെ സ്വാധീനം ഇല്ല എന്നതായിരുന്നു അടുത്ത കാലംവരെ ജോസഫ് ഗ്രൂപ്പിന്റെ പ്രത്യേകത. അപു ജോണ് ജോസഫ് വരുന്നതോടെ ജോസഫ് ഗ്രൂപ്പിലും മക്കൾ രാഷ്ട്രീയം ആവർത്തിക്കുകയാണ്.
കെ എം മാണിയുടെ മകൻ ജോസ് കെ മാണി, ടി എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്, ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ്‌കുമാർ,പി സി ജോർജിന്റെ മകൻ ഷോൻ ജോർജ്,കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് എന്നിങ്ങനെ മക്കൾ രാഷ്ട്രീയത്തിന്റെ നിരവധി ഉദാഹരണങ്ങളാണ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലുള്ളത്.