സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ വിചാരണ നടപടികൾ അനന്തമായി നീളും.
ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിൻ്റെ കുടുംബത്തിന് നീതി കിട്ടാൻ ഇനിയും കാത്തിരിയ്ക്കേണ്ട അവസ്ഥയാണ്. ഇന്ന് കേസ് പരിഗണിച്ച മണ്ണാർക്കാട് എസ് സി - എസ് ടി കോടതിയിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിടി രഘുനാഥ് ഹാജരാകാതെ വന്നതോടെ കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റി. വാദി ഭാഗത്തിനായി ആരും ഇല്ലാതെ വന്നതോടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യത്തോടെയാണ് കോടതി കേസ് മാറ്റി വെച്ചത്.
advertisement
ആരോഗ്യ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയിരുന്നു. എന്നാൽ രഘുനാഥിനോട് തന്നെ തുടരാൻ ആവശ്യപ്പെട്ടതായി ഡി ജി പി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് രഘുനാഥ് പറയുന്നത്.
ഇതോടെയാണ് രാജ്യം മുഴുവൻ നൊമ്പരമായി മാറിയ മധു കേസിൽ ഒരാൾ പോലും വാദി ഭാഗത്തനായി ഹാജരാകാത്ത സാഹചര്യമുണ്ടായത്. കേസിൻ്റെ തുടക്കം മുതൽ സർക്കാർ അലംഭാവം കാണിയ്ക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വർഷങ്ങൾ എടുത്തു. ആദ്യം നിയമിച്ച പ്രോസിക്യൂട്ടറും കേസിൽ നിന്ന് ഒഴിഞ്ഞിരുന്നു.
ഇതോടെ വിചാരണ നടപടികൾ അനന്തമായി വൈകുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. നാലു വർഷമായിട്ടും കേസിൻ്റെ വിചാരണ നടപടികൾ വൈകുന്നതിൽ മധുവിൻ്റെ കുടുബം കടുത്ത അതൃപ്തിയിലാണ്.
Also Read-ഞായറാഴ്ച ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ
കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷങ്ങളായെങ്കിലും വിസ്താരം തുടങ്ങുന്നതിന് മുൻപുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് കൈമാറൽ, കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ തുടങ്ങിയ നടപടികളാണ് വൈകുന്നത്. ഇത് പൂർത്തിയായാലേ വിചാരണ ആരംഭിക്കൂ.