മുക്കാലിയിലെ അബ്ബാസ് എന്നയാൾ ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ വ്യക്തമാക്കുന്നു. അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും അബ്ബാസ് ചോദിച്ചു. കേസില്‍ നിന്ന് പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 23 ന് അഗളി ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
advertisement
മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മധുവിന്‍റെ അമ്മ ഹര്‍ജി നൽകിയത്. എന്നാൽ മധു കേസിന്റെ വിചാരണ നടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ തന്നെ സമര്‍പ്പിക്കാനാണ് ജഡ്ജി നിര്‍ദേശിച്ചത്. തിങ്കളാഴ്ച പരാതി കോടതിക്ക് കൈമാറും. ഭീഷണിപ്പെടുത്തിയ അബ്ബാസിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ അഗളി പൊലീസിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.