ബേത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിറകുഭാഗം തകരുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബേത്തൂർപാറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ശ്രീഹരി, അതുൽ, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്.
വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണെന്ന് തെറ്റിദ്ധരിച്ചാണ് ഓട്ടോ ഡ്രൈവറായ പള്ളഞ്ചി സ്വദേശി കെ. അനീഷ് (40) ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഇയാൾ ഓട്ടോയിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പിന്നീട് വ്യക്തമായി.
advertisement
ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ അനീഷ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബജ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകനായ ബെനറ്റാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ ബെനറ്റ് കുറ്റിക്കോലിൽ പ്രാഥമിക ചികിത്സ തേടി.
