കാഞ്ഞിരംചിറ കാരക്കാട്ട് ജയിംസിന്റെ മകൻ ആൽബർട്ടിന്റെ വിവാഹമായിരുന്നു ഇന്ന്. ഇതിൽ പങ്കെടുക്കാൻ കൊല്ലം പള്ളിത്തോട്ടത്തുനിന്ന് നവദമ്പതിമാരായ അനീഷും നയനയും ആലപ്പുഴയെത്തിയത്. ബന്ധുക്കൾക്കൊപ്പം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഇവർ പ്രസന്നകുമാറിന്റെ ഓട്ടോയിലാണ് ജയിംസിന്റെ വീട്ടിലെത്തിയത്. ഓട്ടോ തിരികെ പോയശേഷമാണ് 18 പവന്റെ ആഭരണങ്ങൾ അടങ്ങിയ ബാഗ് വണ്ടിയിൽ നിന്ന് എടുക്കാൻ മറന്നെന്ന് അനീഷും നയനയും തിരിച്ചറിഞ്ഞത്. ഇതോടെ ആ വീട്ടിലെ ആഘോഷമെല്ലാം നിലച്ചു. കുടുംബം വൈകാതെ നോർത്ത് പൊലീസിൽ പരാതി നൽകി. സിസിടിവി പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്താൻ ശ്രമവും തുടങ്ങി.
advertisement
ഓട്ടം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് പ്രസന്നകുമാർ ബാക്ക് സീറ്റിലെ ബാഗ് ശ്രദ്ധിക്കുന്നത്. ഏതാണ്ട് 8 കിലോമീറ്റർ ദൂരമുണ്ട് കല്യാണവീടും പ്രസന്നകുമാറിന്റെ വീടും തമ്മിൽ. എങ്കിലും മറ്റൊന്നും ചിന്തിക്കാതെ പ്രസന്നകുമാർ അപ്പോൾ തന്നെ ഓട്ടോയുമായി തിരികെയെത്തുകയും നയനയെ ആഭരണങ്ങൾ ഏൽപ്പിക്കുകയുമായിരുന്നു. അതോടെ ശോകമൂകമായിരുന്ന അന്തരീക്ഷത്തിൽ എല്ലാ മുഖങ്ങളിലും പുഞ്ചിരി തെളിഞ്ഞു, ഒപ്പം പ്രസന്നകുമാറിനോടുള്ള നന്ദിയും.
ഗുരുപുരം ലൂഥറൻ സ്കൂളിന് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് കൈതത്തിൽ നികർത്തിൽ പ്രസന്നകുമാർ. 30 വർഷം ചെത്തുതൊഴിലാളിയായിരുന്ന പ്രസന്നകുമാർ ഒരു വർഷം മുൻപാണ് ഓട്ടോറിക്ഷ വാങ്ങിയത്.