സംസ്ഥാനത്ത് മദ്യശാലകളിലെ നീണ്ട ക്യൂ ഒഴിവാക്കും. എല്ലായിടത്തും പ്രീമിയം കൗണ്ടറുകൾ തുടങ്ങും. ഉപഭോക്താക്കൾക്കെത്തി ആവശ്യമായ മദ്യം തെരഞ്ഞെടുക്കാൻ സംവിധാനം ഒരുക്കും. വാക്ക് ഇൻ സംവിധാനത്തിന് പ്രാധാന്യം നൽകും.
സംസ്ഥാനത്തെ ഐ ടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.
advertisement
''യുവതയാണല്ലോ വിവിധ ഐടി പാർക്കുകളിൽ പ്രധാനമായും ജോലി ചെയ്യുന്നത്. അവർ മറ്റ് സംസ്ഥാനങ്ങളിലെ ഐ ടി പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐ ടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്. കമ്പനികൾ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവർക്ക് പോകാൻ സൗകര്യം ചെയ്ത് കൊടുക്കുന്നത് മാത്രമേയുള്ളൂ.'' ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് അന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്
സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐ ടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐ ടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ.
(ന്യൂസ് 18 റിപ്പോർട്ടർ വി വി അരുൺ നൽകിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി തയാറാക്കിയ റിപ്പോർട്ട്)