അതേസമയം മേഖലയിൽ കാട്ടാനയുടെ സാന്നിദ്ധ്യം തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വയനാട് ജില്ലാ കളക്ടർ രേണു രാജ് ഇന്നും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ 12 മുതല്‍ 15 വരെ ഡിവിഷനുകളായ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്ബള്ളി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആനയെ ഇതുവരെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വയനാട്ടിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടയ്ക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് ഹർത്താൽ ആഹ്വാനം ചെയ്തവർ വ്യക്തമാക്കി.
advertisement
കഴിഞ്ഞ ദിവസം ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ നടത്തിയത്. ആനയുടെ റേഡിയോ കോളറില്‍ നിന്നുളള സിഗ്നല്‍ അനുസരിച്ച് രാവിലെ പത്തരയോടെ കണ്ടെത്തി. ആനയുടെ നൂറ് മീറ്റർ അകലെ വരെ ദൗത്യസംഘം എത്തിയിരുന്നു. എന്നാൽ ആന പെട്ടെന്ന് ഉള്‍ക്കാട്ടിലേക്ക് ഓടി മറഞ്ഞു. കുങ്കിയാനകളുടെ സാന്നിദ്ധ്യത്തിൽ ആന ഭയപ്പെടുന്നതായാണ് സംശയിക്കുന്നത്. ഇന്നലെ തന്നെ ആനയെ രണ്ടാമത് കണ്ടെത്തിയത് ചതുപ്പ് പ്രദേശത്തായിരുന്നു. അവിടെ വച്ച് പിടികൂടുന്നത് ദുഷ്കരമായതിനാൽ മയക്കുവെചി വെച്ചില്ല. അതിനുശേഷം ആന വീണ്ടും ഉൾക്കാട്ടിലേക്ക് പോയി.