കൊല്ലഹള്ളി, ബേലൂർ പ്രദേശങ്ങളിൽ ജനങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തിയ ആനയായിരുന്നു ഇത്. നിരവധി കടകൾ തകർക്കുകയും അരിച്ചാക്കുകൾ ഭക്ഷിക്കുകയും ചെയ്തിരുന്ന ആനയെക്കൊണ്ട് അവിടുത്തെ നാട്ടുകാർ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ബെംഗളൂരു-മംഗലാപുരം ദേശീയപാതയിലും ബേലൂർ മക്ന ഗതാഗത തടസം ഉണ്ടാക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ മാസം കൊല്ലഹള്ളിയിലെ ന്യായവില കടയിൽ നിന്ന് അരി ചാക്ക് വലിച്ച് നടുറോഡിൽവെച്ച് ആന ഭക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ആരമണിക്കൂറോളമാണ് ദേശീയപാതയിൽ ഗതാഗതതടസം ഉണ്ടായത്. ഈ പ്രദേശത്തെ നിരവധി വീടുകൾ തകർക്കുകയും വൻ കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.
advertisement
ഇന്ന് രാവിലെയാണ് ജനവാസമേഖലയിൽ ഇറങ്ങിയ ആന ഒരാളെ ആക്രമിച്ചു കൊന്നത്. ചാലിഗദ്ദ സ്വദേശി അജി എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മാനന്തവാടി പടമല ഭാഗത്താണ് രാവിലെ കാട്ടാനയിറങ്ങിയത്. വീടിന് പുറത്തുനിന്നയാളെ ആന പിന്നാലെ ഓടി വീട്ടുമുറ്റത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. വീടിന്‍റെ മതിലും ഗേറ്റും തകർത്താണ് ആന ഉള്ളിലേക്ക് കയറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്തിയത് ഇപ്പോഴും ആന കുറുവ കാടുകളോട് ചേർന്ന ജനവാസമേഖലയിൽ തന്നെ തുടരുകയാണ്. ആനയെ തുരത്താൻ ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് വനംമന്ത്രി ഉത്തരവിട്ടു.