ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പങ്ക് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസംഗം. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇത് പിന്തുടരുന്നതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. ഇക്കാര്യത്തിൽ കോൺഗ്രസുമായി വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയതിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. ആ ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. അത് കൊണ്ടു കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
advertisement
ഇന്ത്യയിൽ ബിജെപിക്കും സംഘപരിവാറിനും ബദൽ ഇടതുപക്ഷം എന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കോൺഗ്രസിന് അതിന് സാധിക്കില്ല. കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥലത്ത് ഇടതുപക്ഷമാണ് ശക്തി പ്രാപിക്കുന്നതെന്നും നേതാക്കൾ അവകാശപ്പെടാറുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, കെ വി തോമസ്, വി എം സുധീരൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സിപിഐഎമ്മിൽ നിന്നും കൊച്ചി മേയർ എം അനിൽകുമാറും സന്നിഹിതനായിരുന്നു.