കഴിഞ്ഞ വർഷങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പ് കാരണം അത് നടപ്പാകാറില്ല. ഇക്കാര്യം ഇത്തവണ പുറപ്പെടുവിച്ച ഉത്തരവിലും പറയുന്നുണ്ട്.
ബയോമെട്രിക് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ആവശ്യമായ പുരോഗതി കൈവരിച്ചതായി കാണുന്നില്ലെന്നും അതിനാൽ മാര്‍ഗ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും/വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്കാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മറ്റ് എല്ലാ ഓഫീസുകളിലും 2023 മാര്‍ച്ച് 31ന് മുമ്പായി ഈ സംവിധാനം നടപ്പിലാക്കണമെന്നും ഉത്തരവിലുണ്ട്.
advertisement
വകുപ്പ് സെക്രട്ടറിമാരുമായുളള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വകുപ്പിലെയും ഒരു അഡീഷണല്‍ സെക്രട്ടറിയെയോ ജോയിന്റ് സെക്രട്ടറിയെയോ അതാത് വകപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും ചുമതലപ്പെടുത്തണം. ഈ ഓഫീസറുടെ വിശദാംശങ്ങള്‍ പൊതുഭരണ വകുപ്പിന് ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്.