കേസിൽ കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാത്തതിൽ വിശദീകരണവുമായി ബോബി ചെമ്മണ്ണൂർ എത്തിയിരുന്നു. ചിലർ ജയിലിൽ തന്നെ കാണാൻ എത്തിയതിനാലാണ് ജയിലിൽ തുടർന്നതെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ‘ജയിലിൽ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരെല്ലാം. അങ്ങനെ 26 പേരാണ് എന്റെ അടുക്കൽ വന്നത്. ആ കേസുകളൊക്കെ പരിഹരിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിനു വേണ്ടിയാണ് ഞാന്‍ ഒരു ദിവസം കൂടി ജയിലില്‍ നിന്നത്' എന്നാണ് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
advertisement
ജാമ്യത്തിന് പിന്നാലെയുള്ള നാടകീയ സംഭവങ്ങളിൽ ബോബി ചെമ്മണ്ണൂരിനെതിരെ കോടതി രൂക്ഷപരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്ന് കോടതി സംഭവത്തിൽ സ്വമേധയാ കേസ് എടുത്തിരുന്നു. സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് ടിവി കുഞ്ഞുകൃഷ്ണന്റെ മുൻപിൽ ആണ് അദ്ദേഹത്തിൻറെ അഭിഭാഷകൻ മാപ്പപേക്ഷ നടത്തിയത്. ബോബി ഇനി വാതുറക്കില്ലെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ കോടതിക്ക് ഉറപ്പു നൽകി. മാധ്യമങ്ങളെ കണ്ടപ്പോൾ ബോബിക്ക് നാക്ക് പിഴച്ചതാണെന്നും കോടതിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഹൈക്കോടതിയോട് യുദ്ധം വേണ്ട എന്നു പറഞ്ഞ ഹൈക്കോടതി ഒളിമ്പിക്സിൽ മെഡൽ കിട്ടിയതുപോലെയാണ് ബോബി ചെമ്മണ്ണൂർ പെരുമാറിയതെന്നും പറഞ്ഞു.