വി എസ് അച്യുതാനന്ദനെ ഓർക്കുമ്പോൾ അദ്ദേഹവും സി പി എം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും തമ്മിലുള്ള അഗാധമായ ബന്ധം കൂടി ഓർക്കേണ്ടതുണ്ട്. ഇരുവരും തമ്മിലെന്തായിരുന്നു എന്ന ചോദിച്ചാൽ നിർണായകഘട്ടങ്ങളിലൊക്കെ വി എസിനെ തുണച്ച നേതാവാണ് യെച്ചൂരി എന്നാവും മലയാളികൾ പൊതുവേ ഓർക്കുക.
എന്നാൽ സീതാറാം യെച്ചൂരിയെ സി പി എം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിക്കുന്നതിൽ വി എസ് എന്ന പരിചയസമ്പന്നനും തന്ത്രജ്ഞനുമായ നേതാവിനുളള പങ്ക് വളരെ വലുതാണ്. പാർട്ടിക്കുളളിൽ നിന്നുളള പോരാട്ടത്തിന്റെ സാധ്യതകൾ വി എസിനോളം പ്രയോഗിച്ച മറ്റൊരു നേതാവും സി പി എമ്മിൽ ഉണ്ടാവില്ല. മറ്റ് പാർട്ടികളെ ചേർത്തെടുത്താലും ഉളളിൽ നിന്നുളള പോരാട്ടസാധ്യതയിൽ വി എസിനോളം പരിചയസമ്പന്നനായ നേതാക്കൾ അത്യപൂർവമാകും.വി എസിന് മാത്രം കഴിയുന്ന അത്തരമൊരു നീക്കത്തിന്റെ കൂടി ഫലമായിരുന്നു സീതാറാമിന്റെ ജനറൽ സെക്രട്ടറി സ്ഥാനം.
advertisement
അടിമുടി വ്യത്യസ്തർ
29 വയസ് വ്യത്യാസമുണ്ട് വി എസ് അച്യുതാനന്ദനും സീതാറാം യെച്ചൂരിയും തമ്മിൽ. സാധാരണ കേരളീയ പുരുഷന്മാരുടെ കല്യാണ പ്രായത്തിൽ വി എസ് വിവാഹം കഴിച്ചിരുന്നെങ്കിൽ മകനാകാനുളള പ്രായമേയുളളു സീതാറാമിന്.
ഒരേ രാഷ്ട്രീയ ആശയത്തിന്റെ പിന്തുടർച്ചക്കാരാണെങ്കിലും കടന്നു വന്ന വഴികളിൽ കാര്യമായ സാമ്യമേതുമില്ല. സ്വഭാവരീതികളിലും തികച്ചും വ്യത്യസ്തരായവർ. വി എസിനെ പോലെ ചിട്ടക്കാരനോ കർക്കശക്കാരനോ ഒന്നുമല്ല സീതാറാം. ഒരാൾ ജനകീയ സമരങ്ങളിലൂടെ കർഷകരെയും തൊഴിലാളികളെയും കൂട്ടി പാർട്ടിയെ വളർത്തി ഒപ്പം വളർന്നയാൾ.എസ് എഫ് ഐയിലൂടെ വന്ന സീതാറാമിനും പോരാട്ട വഴികളുടെ ചരിത്രമുണ്ടെങ്കിലും വി എസ് കടന്നു വന്ന കഠിന വഴികളുമായി താരതമ്യപ്പെടുത്താവുന്നതല്ലത്. ആശയ നേതൃത്വ വഴിയിലായിരുന്നു സീതാറാമിന്റെ അധിക സഞ്ചാരവും.
പ്രായവ്യത്യാസമോ കടന്നു വന്ന വഴികളോ പ്രവർത്തന രീതിയോ ഒന്നും ഇരുവരുടെയും സൗഹൃദത്തിന് തടസമായില്ല.അസാമാന്യമായിരുന്നു ആ ഹൃദയ ബന്ധം. പലപ്പോഴും ഇരുവരുടെയും പരസ്പര സ്നേഹവും കരുതലും യോജിച്ച നീക്കങ്ങളും പാർട്ടിക്കുളളിൽ വലിയ ചർച്ചയും കേരള പാർട്ടിയ്ക്ക് തലവേദനയും ആയിട്ടുണ്ട്.
എസ് ആർ പിയോ യെച്ചൂരിയോ ?
2015 ഏപ്രിൽ 14 മുതൽ 19 വരെ വിശാഖപട്ടണത്ത് സി പി എം 21-ാം പാർട്ടി കോൺഗ്രസ്. 2005 ഡൽഹി പാർട്ടി കോൺഗ്രസിൽ ഹർകിഷൻ സിംഗിന് പിൻഗാമിയായി ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് മൂന്നു ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പാർട്ടി കോൺഗ്രസ്. 2005 ൽ പാർട്ടി ഒറ്റക്കെട്ടായാണ് പ്രകാശിനെ പാർട്ടിയുടെ അമരക്കാരനാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്താനായി പ്രകാശ് കൊണ്ടു വന്ന പരിഷ്കാരമായിരുന്ന മൂന്നു ടേം നിബന്ധന.
ജനറൽ സെക്രട്ടറിയായി എസ് ആർ പിയോ സീതാറാം യെച്ചൂരിയോ ആര് വരും ? ഇതായിരുന്നു വിശാഖപട്ടണം പാർട്ടി കോൺഗ്രസിലെ പ്രധാന ആകാംക്ഷ.
ഇ എം എസ് ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിൽ എത്തിയ നേതാക്കളാണ് പ്രകാശും സീതാറാമും എസ് ആർ പിയും. പുതുതലമുറ നേതാക്കളെ ഉൾപ്പെടുത്തി 1985ൽ പാർട്ടി സെന്റർ സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോഴും മൂന്നു പേരും ഒരുമിച്ചായിരുന്നു. ഹർകിഷൻ സിംഗ് സുർജിത് ജനറൽ സെക്രട്ടറിയായ 1992 ലെ ചെന്നെ പാർട്ടി കോൺഗ്രസിൽ പി ബിയിൽ എത്തിയതും മൂവരും ഒരുമിച്ചാണ്.
ഇവരിൽ പ്രായത്തിൽ ഏറ്റവും മുതിർന്നയാൾ എസ് ആർ പിയാണ്. സീതാറാമിനേക്കാൾ 14 വയസ് കൂടുതലുണ്ട് എസ് ആർ പിക്ക്. അന്ന് 77 വയസുണ്ടായിരുന്ന എസ് ആർ പിക്ക് പാർട്ടിയുടെ പ്രായപരിധി കണക്കിൽ ജനറൽ സെക്രട്ടറിയാവാനുളള അവസാന അവസരമായിരുന്നു വിശാഖപട്ടണം പാർട്ടി കോൺഗ്രസ്. പിബിയിലും മേൽക്കൈ എസ് ആർ പിയ്ക്കായിരുന്നു. സ്ഥാനം ഒഴിയുന്ന ജനറൽ സെക്രട്ടറി പ്രകാശിന്റെ ചോയിസും അതായിരുന്നു.
കാരാട്ടിന് പിൻഗാമിയായി എസ് ആർ പിയെയാണ് കേരള ഘടകവും കാരാട്ട് പക്ഷവും മുന്നോട്ടു വച്ചത്. ബംഗാൾ അടക്കം മറ്റ് പല സംസ്ഥാനങ്ങളും ദേശീയ തലത്തിൽ പാർട്ടി സ്വീകാര്യത വർദ്ധിപ്പിക്കാൻ കഴിയുന്ന നേതാവ് സീതാറാം യെച്ചൂരിയാണെന്നതിനാൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറിയാക്കണം എന്ന് വാദിച്ചു. പല തവണ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. ദേശീയ തലത്തിൽ പാർലമെന്ററി സാന്നിധ്യത്തിൽ പാർട്ടി ദുർബലമായിരിക്കുന്ന ഘട്ടത്തിൽ മറ്റുപാർട്ടി നേതാക്കൾക്കിടയിലടക്കം സ്വീകാര്യതയുളള സീതാറാം യെച്ചൂരിയെ പോലെ ഒരാൾ ജനറൽ സെക്രട്ടറിയാവണം എന്ന് ചിന്തിക്കുന്ന വലിയ ഒരു വിഭാഗം പാർട്ടി നേതാക്കൾ ഇന്ത്യയാകെ ഉണ്ടായിരുന്നു. എന്നാൽ പ്രകാശിന്റെയും കേരള പാർട്ടിയുടെയും ലൈനിന് ഒപ്പം നിൽക്കുന്ന എസ് ആർ പിയാണ് കൂടുതൽ യോഗ്യനെന്നും കോൺഗ്രസ് ബന്ധം വാദിക്കുന്ന ബംഗാൾ ഘടകത്തെ തുണയ്ക്കുന്ന സീതാറാമിന്റെ രാഷ്ട്രീയ ലൈൻ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കേരള ഘടകത്തിന്റെ നിലപാട്.
അറ്റകൈ പ്രയോഗവുമായി വി എസ്
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാമിനെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലായിരുന്നു പി ബിയിലെ ഭൂരിപക്ഷം. ഈ സന്ദർഭത്തിലായിരുന്നു വി എസിന്റെ ഇടപെടൽ. തീരുമാനം മറിച്ചാണെങ്കിൽ പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന നിർദ്ദേശം സീതാറാമിന് മുന്നിൽ വച്ചത് വി എസാണ്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമോ എന്ന് സന്ദേഹിച്ച സീതാറാമിനോട് മത്സരിക്കണം, പാർട്ടി കോൺഗ്രസ് തീരുമാനിക്കട്ടെ എന്ന് ധൈര്യം കൊടുത്തതും വി എസാണ്. വി എസ് താമസിച്ച ഹോട്ടലിലെത്തി ഇരുവരും തമ്മിൽ ചർച്ച നടത്തിയതും ശേഷം വി എസിന്റെ പ്രതികരണവുമൊക്കെ അന്ന് വാർത്തയായതാണ്.
സീതാറാം മത്സരിച്ചേക്കും എന്ന സൂചന വന്നതോടെ അനിവാര്യമായി വന്നാൽ മത്സരമാവാം എന്ന നിലപാടിലേക്ക് ബംഗാൾ ഘടകവും സീതാറാമിനെ പിന്തുണയ്ക്കുന്നവരും എത്തി. ഈ നീക്കത്തിന്റെ കൂടി ഫലമായിരുന്നു പാതിരാത്രി വരെ നീണ്ട പി ബി ചർച്ചയിൽ സീതാറാമിന്റ പേരിലേക്ക് എത്തിച്ചത്. യോജിച്ച തീരുമാനമില്ലാതെ മത്സരമാണെങ്കിൽ താനില്ല എന്ന നിലപാടിലേക്ക് എസ് ആർ പിയും മാറി. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ഒഴിയാൻ തീരുമാനിച്ചിരുന്ന എസ് ആർ പിയെ പ്രകാശും കേരള ഘടകവും നിർബന്ധിച്ചാണ് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന നിലപാടിലേക്ക് എത്തിച്ചതെന്നും ഓർക്കണം. പാർട്ടി ചരിത്രത്തിൽ ഉടനീളം ഏതെങ്കിലും സ്ഥാനം പിടിച്ചു വാങ്ങിയ ശീലം എസ് ആർ പിക്കില്ല.
വി എസും സീതാറാമും സംസാരിച്ചതെങ്ങനെ
സീതാറാം എസ് എഫ് ഐയിൽ വരുന്ന നാൾ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു വി എസ്. 1984 ൽ 32-ാം വയസിൽ സീതാറാം കേന്ദ്ര കമ്മിറ്റിയിൽ എത്തുമ്പോൾ കേന്ദ്ര കമ്മിറ്റിയിലെ തലമുതിർന്ന നേതാവാണ് വി എസ്. 1992 ൽ സീതാറാം തയ്യാറാക്കി പി ബി പല തവണ തിരുത്തിയ പ്രത്യയശാസ്ത്ര രേഖയിൽ സീതാറാമിന്റെ ആശയങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ നേതാക്കൾ വി എസും സി ഐ ടി യു നേതാവായ ഇ ബാലാന്ദനുമായിരുന്നു. ജനകീയ സമരങ്ങളിലൂടെ ഉയർന്നു വന്ന നേതാക്കളുമായി ചേർന്നു നിൽക്കുക എന്നത് സീതാറാമിന്റെയും ശീലമായിരുന്നു.
നിലപാടുകളിലെ ഐക്യത്തിന് ഇരുവർക്കും ഭാഷ തടസമായില്ല. ഒരു നിർണായക ഘട്ടത്തിൽ ഇരുവരും തമ്മിലുളള ദീർഘ സംഭാഷണം നേരിട്ട് കേട്ട അനുഭവമുണ്ട്. വി എസിന് മനസിലാവുന്ന ഇംഗ്ളീഷിൽ സീതാറാം സംസാരിക്കും. പറഞ്ഞതെന്താണെന്ന് സീതാറാമിന് മനസിലാവുന്ന തരത്തിൽ വി എസും ഇംഗ്ളീഷിൽ സംസാരിക്കും. ഭാഷ ഇരുവരും തമ്മിലുളള സംഭാഷണത്തിൽ തടസമേ ആയിട്ടില്ല.
2006 ൽ പി ബി തീരുമാനം തിരുത്തി പാർട്ടി ചരിത്രത്തിലെ അത്യസാധാരണമായ നീക്കത്തിലൂടെ വി എസിനെ സ്ഥാനാർഥിയാക്കാൻ കാരാട്ടും വൃന്ദയും മുന്നിൽ നിന്നപ്പോൾ ഒപ്പം സീതാറാമും ഉണ്ടായിരുന്നു. 2011 ലും സമാന സാഹചര്യത്തിൽ മലമ്പുഴ സ്ഥാനാർത്ഥിയെ മാറ്റി വി എസിനെ തീരുമാനിക്കാൻ മുൻകൈ എടുത്തത് സീതാറാം ആയിരുന്നു. ബംഗാൾ ഘടകത്തിന് ഒപ്പം വൃന്ദ കാരാട്ടിന്റെ പിന്തുണയും അന്ന് വി എസിനുണ്ടായിരുന്നു.
കേരളത്തിന്റെ ഫിദൽ കാസ്ട്രോ
വി എസും പിണറായിയും മത്സരിച്ച 2016 നിയമസഭ തിരഞ്ഞെടുപ്പ്. 92 കാരനായ വി എസ് ആണ് അന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചരണത്തിന് പോയ ഇടത് നേതാവ് എന്നതോർക്കണം. മുന്നണി ജയിച്ചാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവണം എന്ന പൊതു ധാരണ നേരത്തെ തന്നെ പാർട്ടിയിൽ ഉണ്ടായിരുന്നു. ഇനി നയിക്കേണ്ടത് പിണറായിയാണ് എന്നതിൽ തർക്കവും ഉണ്ടായിരുന്നില്ല. എന്നാൽ വി എസ് ഒരു വികാരമായി കാണുന്ന അനുഭാവികൾക്ക് മറിച്ചൊരാഗ്രഹം ഉണ്ടായിരുന്നു.
വി എസ് അച്യുതാനന്ദനെ കേരളത്തിന്റെ ഫിദൽ കാസ്ട്രോ എന്ന വിശേഷപ്പിച്ചാണ് 2016 ൽ പിണറായി വിജയനെ കേരള മുഖ്യമന്ത്രിയായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചത്. വി എസിനെ അനുകൂലിക്കുന്നവരെ കൂടി ഒപ്പം നിർത്തുന്നതായിരുന്നു വി എസിന്റെ സ്വന്തം സീതാറാമിന്റെ കാസ്ട്രോ വിശേഷണം.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി എസിനെ പിന്നീടും കരുത്താനാക്കി നിർത്തുന്നതിൽ ജനറൽ സെക്രട്ടറി സീതാറാം നൽകിയ പിന്തുണ ചെറുതായിരുന്നില്ല. 2023 ജനുവരി 18 ന് ദേശാഭിമാനി 80-ാം വാർഷികാഘോഷ സമാപനത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു സീതാറാം വി എസിനെ അവസാനമായി സന്ദർശിച്ചത്. ആശയ വിനിമയത്തിന് സാധ്യമായ അവസ്ഥയിലായിരുന്നില്ല അന്ന് വി എസ്.
പാർട്ടിയുടെ നാളെയുടെ പ്രതീക്ഷയായി വി എസ് കണ്ട നേതാവ് വി എസിനു മുമ്പേ യാത്ര പറഞ്ഞു എന്ന യാദൃശ്ചികതയും ഈ ബന്ധത്തിലുണ്ട്.