187 ഹെക്ടർ സ്ഥലമാണ് സിൽവർ ലൈൻ പദ്ധതിക്കായി കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കിയെങ്കിലും ഭൂമി വിട്ടുനൽകാൻ സാധിക്കില്ലെന്ന നിലപാടില്‍ തന്നെ റെയില്‍വേ ഉറച്ച് നിന്നു. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിന്‍റെ ഭാവി റെയിൽ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
സ്റ്റേഷന്‍ വികസനം, പാത ഇരട്ടിപ്പിക്കൽ, സിഗ്നലിങ് സംവിധാനം ഇരട്ടിപ്പിക്കൽ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാൻ വലിയ തോതിൽ ഭൂമി ആവശ്യമാണ്. ഇതിന് വേണ്ടിയുള്ള ഭൂമിയാണ് റെയിൽവേയുടെ കൈവശം ഇപ്പോഴുള്ളത്. ഭൂമി വിട്ടുനൽകിയാൽ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്.
advertisement
സിൽവർ ലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകനായ കോട്ടയം സ്വദേശി എം.ഡി. തോമസിന് നൽകിയ മറുപടിയിലാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കുന്നത്. ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവേ ബോർഡിനും ഇതേ മറുപടി തന്നെ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, സിൽവർലൈൻ പദ്ധതിക്ക് തടസ്സവാദങ്ങൾ ഉന്നയിച്ച ദക്ഷിണ റെയിൽവേയ്ക്ക് മറുപടിയുമായി കെ റെയിൽ രംഗത്തെത്തി. ഭാവി വികസന പദ്ധതികൾ കണക്കിലെടുത്ത് തന്നെയാണ് സിൽവർലൈന്റെ ഡിപിആര്‍ തയ്യാറാക്കിയത്.
വ്യവസ്ഥകൾ പൂർണമായി പാലിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പാത ഇരട്ടിപ്പിക്കുമ്പോൾ ഉണ്ടാകായേക്കാവുന്ന ബുദ്ധിമുട്ടികൾ മാത്രമേ സിൽവർലൈൻ നടപ്പിലാക്കുമ്പോളും ഉണ്ടാകു എന്നും കെ റെയിൽ ദക്ഷിണ റെയിൽവേയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.