തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി രോഗിയടക്കം 5 പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 12.15ന് ജനറൽ ആശുപത്രിയുടെ കവാടത്തോട് ചേർന്നുള്ള നടപ്പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽകോളജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കൊല്ലം ശാസ്താംകോ ട്ട സ്വദേശിയും ഈഞ്ചയ്ക്കൽ എസ്‌പി ഫോർട്ട് ആശുപത്രിയിലെ ഹൗസ്കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയൻ (38), സുഹൃത്ത് മുട്ടത്തറ സ്വദേശി ശിവപ്രിയ (32), ജനറൽ ആശുപത്രി ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രൻ (46) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്. പോത്തൻകോട് അയിരൂപ്പാറ സ്വദേശി കുമാറിന് (63) നിസ്സാര പരിക്കേറ്റു. പേട്ട-പാറ്റൂർ റോഡിലൂടെ ജനറൽ ആശുപത്രി ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കാർ നടപ്പാതയുടെ ഇരുമ്പ് വേലിയും തകർത്തു.
advertisement
വട്ടിയൂർക്കാവ് വലിയവിള സ്വദേശി എ.കെ വിഷ്ണുനാഥ് (25) ആണ് കാറോടിച്ചിരുന്നത്. ഇയാൾ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിൽ വിഷ്ണുവിന്റെ അമ്മാവൻ വിജയനുമുണ്ടായിരുന്നു. രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടമുണ്ടാകാൻ കാരണം. കാറിന് മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും കാർ പരിശോധിച്ച ആർടിഒ അജിത് കുമാർ പറഞ്ഞു. 2019 ലാണ് വിഷ്ണു ഡ്രൈവിംഗ് ലൈസൻസ് എടുത്തത്. എന്നാൽ ഇയാൾക്ക് ഡ്രൈവിംഗിൽ വേണ്ടത്ര വൈദഗ്ധ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
summery: Five people, including a patient, were injured when a car with two persons practicing driving went out of control and ran onto the pavement near Thiruvananthapuram General Hospital. Four of the injured are in critical condition.