മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
advertisement
Also Read- കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
ഇത്തവണ ബി എസ് പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബി എസ് പി ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചു.
Also Read- KSRTC കേരളത്തിന് വിട്ട് നൽകില്ല; നിയമ പോരാട്ടം തുടരുമെന്ന് കർണാടക
പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. സുരേന്ദ്രൻ ജയിച്ചാൽ മംഗലാപുരത്ത് ബിയർ- വൈൻ പാർലർ നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും സുന്ദര വെളിപ്പെടുത്തുന്നു.
''അഞ്ചാറാള് വൈകിട്ട് വന്നു. നോമിനേഷന്‍ പിന്‍വലിക്കണം എന്ന് പറഞ്ഞു. ഞാന്‍ ബിഎസ്പിക്കാരോട് ചോദിക്കട്ടെയെന്ന് പറഞ്ഞു. എന്റെ വീട്ടിനടുത്തുള്ള സുരേഷ് നായിക് അവരോട് പത്രിക പിന്‍വലിക്കാം എന്ന് പറഞ്ഞു. അങ്ങനെ സമ്മര്‍ദം ചെലുത്തി. സുരേന്ദ്രേട്ടന്‍ ജയിക്കണം ഇക്കുറി എന്നും പറഞ്ഞു. രണ്ട് ലക്ഷം രൂപ തന്നു. ഫോണും തന്നു. നേരത്തെ എനിക്ക് വാട്സാപ്പുള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു. വീട്ടില്‍ വന്ന് അമ്മയുടെ കൈയില്‍ ക്യാഷ് ആയിട്ട് തന്നു. സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. കര്‍ണാടകത്തില്‍ ആണ് ഞാന്‍ വൈന്‍ ഷോപ്പ് ആവശ്യപ്പെട്ടത്.''- സുന്ദര ഒരു വാർത്താചാനലിനോട് വെളിപ്പെടുത്തി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.