മെയ് 13 ന് മരിച്ച അന്നമ്മയുടെ മൃതദേഹം പുത്തൂര്‍ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയില്‍ ആയതിനാല്‍ സംസ്‌കാരം നടത്തുമ്പോള്‍ മാലിന്യം സമീപത്തേക്ക് പടരുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഇതിനു പിന്നാലെ കോടതി ഉത്തരവുമായാണ് ബന്ധുക്കള്‍ ഇന്ന് മൃതദേഹം സംസ്‌ക്കരിക്കാന്‍ എത്തിയത്. എന്നാല്‍ നാട്ടുകാര്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. മരത്തില്‍ കയറി പ്രതിഷേധിച്ചവരെ പൊലീസ് താഴെയിറക്കി. മലിനീകരണ പ്രശാനത്തിന് ശാശ്വത പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
advertisement
1999ല്‍ മരിച്ച മകന്റെ കല്ലറയില്‍ തന്നെ അന്നമ്മയേയും അടക്കാനുള്ള അനുമതിയാണ് കുടുംബം ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അനുകൂല തീരുമാനമുണ്ടാകുകയും ചെയ്തു. പിന്നീട് കല്ലറ പൊളിച്ച് റവന്യൂ അധികൃതര്‍ പരിശോധിച്ചു. കോണ്‍ക്രീറ്റ് ചെയ്ത് 14 ദിവസത്തിന് ശേഷം പരിശോധിച്ച് തീരുമാനം അറിയിക്കാം എന്നായിരുന്നു ജില്ലാ കളക്ടറുടെ ഉറപ്പ്. ഒടുവില്‍ അനുകൂല തീരുമാനം വന്നതോടെയാണ് അടക്കാന്‍ കഴിഞ്ഞത്.
കോണ്‍ക്രീറ്റ് ചെയ്ത കല്ലറയില്‍ സംസ്‌കാരം നടത്താമെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു സമയം വേണ്ടി വരുമെന്നു കണ്ട കളക്ടര്‍ രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താമെന്നായിരുന്നു ആദ്യ നിര്‍ദേശം. രണ്ടാമത്തെ നിര്‍ദേശം സെമിത്തേരി അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്‌കരിക്കാമെന്നതും. ഇതില്‍ രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചു.
ഇതോടെ പള്ളി അധികൃതര്‍ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയെങ്കിലും പള്ളി അധികൃതര്‍ ഈ നിര്‍ദേശം പാലിച്ചില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പ്പിച്ചു. പിന്നീട് തഹസില്‍ദാരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ വീണ്ടും കല്ലറ പൂര്‍ത്തിയാക്കി.
ശവസംസ്‌കാരം ജലമലിനീകരണം ഉണ്ടാക്കുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് മാര്‍ത്തോമ സഭയ്ക്ക് കീഴിലുള്ള മറ്റൊരു ദേവാലയമായ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി ദളിത് ക്രൈസ്തവരെ അടക്കാന്‍ ഇടം അനുവദിച്ചിരുന്നു. എന്നാല്‍ മൂത്രപ്പുരയോട് ചേര്‍ന്ന്, കാട് പിടിച്ച് കിടക്കുന്ന സ്ഥലമാണ് തങ്ങള്‍ക്കായി പള്ളിക്കമ്മറ്റി അനുവദിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെയാണ് അന്നമ്മയുടെ മൃതദേഹം സ്വന്തം പള്ളിയില്‍ തന്നെ അടക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
Also Read അർബുദമില്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി; ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് മുഖ്യമന്ത്രി