ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ന്‍റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.
എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്.
advertisement
അതിദാരിദ്ര്യ നിര്‍ണ്ണയം പൈലറ്റ് അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കി. പിന്നീട് ഇത് സംസ്ഥാനത്തെമ്പാടും വ്യാപിപ്പിക്കുകയായിരുന്നു.
1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തി. ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയാണ് അതിദരിദ്രരെ നിര്‍ണ്ണയിക്കുന്നതിനുള്ള ക്ലേശഘടകങ്ങളായി കണക്കാക്കിയത്. അതിനുശേഷം ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല പരിപാടികളായി തരംതിരിച്ചുകൊണ്ട് ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി.
2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ 50 കോടി രൂപ വീതവും 2025-26 ല്‍ 60 കോടി രൂപയും ഈ പദ്ധതിക്കായി പ്രത്യേകം അനുവദിച്ചു. ആരോഗ്യ പരിപാലനത്തിനും, ഭവന നിര്‍മ്മാണത്തിനും, ജീവനോപാധികള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ തുക വിനിയോഗിച്ചത്.
1961-62ൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസംഖ്യയുടെ ശതമാനം എത്രയാണെന്ന് കാണിച്ചിട്ടുണ്ട്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ 90.75 ശതമാനവും നഗര മേഖലയില്‍ 88.89 ശതമാനവും ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അതായത്, അക്കാലത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നത് കേരളത്തിലായിരുന്നു. അവിടെ നിന്നാണ് കേരളം ഇന്ന് അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത് എന്ന് മുഖ്യമന്ത്രി.
നീതി ആയോഗിലെ വിദഗ്ദ്ധരുടെ അനുമാനത്തില്‍ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തിലെ ജനസംഖ്യ 2022-23 ല്‍ 0.48 ശതമാനമാണ്. ഇതനുസരിച്ച് 1,64,640 പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. 2025 ലെ കേരള ജനസംഖ്യ 3.60 കോടി ആയിട്ടാണ് അനുമാനിക്കപ്പെടുന്നത്. ഇതില്‍ 1,72,800 ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതായി നീതി ആയോഗിന്‍റെ കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട 64,006 കുടുംബങ്ങളിലെ 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്.
മൂന്ന് നേരവും ആഹാരം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഭക്ഷ്യക്കിറ്റുകളും തടസ്സമില്ലാത്ത ആഹാരലഭ്യതയും ഉറപ്പാക്കി. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ അടക്കം ഇതിന് ഉപയോഗിച്ചു. 20,648 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ സേവനം, മരുന്ന് ലഭ്യത, വാക്സിനേഷന്‍, കൂട്ടിരിപ്പ് എന്നിവയൊക്കെ ഉറപ്പുവരുത്തി. പാലിയേറ്റീവ് കെയര്‍ മുതല്‍ അവയവമാറ്റ ശസ്ത്രക്രിയ വരെ ലഭ്യമാക്കി. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചും ജീവനോപാധികള്‍ നല്‍കിയും ഷെല്‍ട്ടര്‍ ഹോമുകള്‍ ഉറപ്പാക്കിയുമാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്.
പുതിയ വീട് വേണ്ടവര്‍ക്ക് അത്, ഭൂമിയും വീടും വേണ്ടവര്‍ക്ക് അത്, വീട് പുതുക്കി പണിയേണ്ടവര്‍ക്ക് അത്, എന്നിവയും ലഭ്യമാക്കി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി 1,000 കോടിയിലധികം രൂപയാണ് കേരളം ചെലവഴിച്ചത്. സമയബന്ധിതമായി ജനകീയ പങ്കാളിത്തത്തോടെ ക്ലേശകരമാംവിധമാണ് ലക്ഷ്യം സാധിച്ചത്. അതിദാരിദ്ര്യമുക്ത പദവി സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള ജാഗ്രത്തായ പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കേണ്ടത് എന്നും അതിനായി കാലാകാലങ്ങളില്‍ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.
