വികസനകാര്യങ്ങളിൽ ഒന്നും നടക്കാത്ത നാടെന്നായിരുന്നു കേരളം കേട്ട പ്രധാന ആക്ഷേപം. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള മറുപടിയായാണ് വിഴിഞ്ഞം പദ്ധതി കേരളം യാഥാർതഥ്യമായി കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയതെന്നും രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമ്മാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രതിവർഷം 10 ലക്ഷം ടി യു ഇ ആയിരുന്നു ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാൽ വെറും 10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോർട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.ആദ്യ വർഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്‌നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു.ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടതുവഴി തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. പ്രതിമാസം 50 ലേറെ കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുപോകുന്നത്.
advertisement
വിഴിഞ്ഞം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റായി കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിലൂടെ അന്താരാഷ്ട്ര കപ്പൽ പാതയിലെ പ്രധാന കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബാകുന്നതോടൊപ്പം ഒരു പ്രധാന ക്രൂ ചേഞ്ച് ഹബ്ബായും വിഴിഞ്ഞം ശക്തിപ്പെടും. ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനിമുതൽ വിഴിഞ്ഞത്ത് എത്തിച്ചേരുവാൻ സാധിക്കും. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകും.
വിഴിഞ്ഞം തുറമുഖം, പൂർണ്ണ വികസനം കൈവരിക്കുന്നതോടെ രാജ്യാന്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി ഉയരും. ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള തുറമുഖങ്ങളിലടക്കം, സേവനം എത്തിക്കുന്ന ഒരു അന്താരാഷ്ട്ര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. അതോടെ ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും.നിലവിലുള്ള 2.96 കിലോമീറ്റർ പുലിമുട്ട് 3.88 കിലോമീറ്റർ ആയും വർദ്ധിപ്പിക്കും. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരില്ല. പകരം കടൽ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്. .
തുറമുഖത്തിന്റെ ഒന്നാം ഘട്ടം 24,000 ടി ഇ യു കണ്ടെയ്‌നർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ളതാണ്. എന്നാൽ തുടർഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ, 28,840 ടി ഇ യുവരെ ശേഷിയുള്ള നെക്സ്റ്റ് ജെൻ കണ്ടെയ്‌നർ കപ്പലുകളെയും കൈകാര്യം ചെയ്യാൻ ഈ തുറമുഖം സജ്ജമാകും. ഒരേസമയം 5 മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും.
തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ സംയോജിപ്പിച്ച് 2028 ൽ തന്നെ വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും. 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. പൂർണ്ണതോതിലുള്ള വികസന പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാകുന്നതിനാൽ സർക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാൾ വർദ്ധിക്കും. വിഴിഞ്ഞത്ത് റോഡു വഴിയുള്ള ചരക്കുനീക്കത്തിനായി തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് പൂർത്തിയായെന്നും ഉടൻ തന്നെ റോഡുവഴിയുള്ള ചരക്കു നീക്കവും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
