ന്യായ് എന്ന അന്യായം എന്നാണ് പിണറായി വിജയന്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരമുണ്ടായിട്ടും നടപ്പാക്കാന്‍ കഴിയാത്ത എന്തു പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ജനങ്ങള്‍ യുഡിഎഫ് വാഗ്ദാനങ്ങളെക്കുറിച്ച് മിണ്ടാത്തതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനങ്ങളെക്കുറിച്ച് വലിയ പ്രതീെക്ഷ നല്‍കുന്നതും എന്തുകൊണ്ടാണെന്ന് യുഡിഎഫ് ചിന്തിച്ചുട്ടുണ്ടോ എന്നും ചോദിക്കുന്നു.
പഞ്ചാബിലും ഛത്തീസ്ഗഢിലും സമാനമായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് നമ്മുടെ മുന്‍പിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.യ കേരളത്തില്‍ ഭരണം കിട്ടുമെന്ന വിദൂര സ്വപ്‌നം കോണ്‍ഗ്രസിന് പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ്‌വാക്ക് എന്നും ഭരണം കിട്ടിയാല്‍ അല്ലേ പദ്ധതി നടപ്പാക്കുന്ന പ്രശ്‌നം ഉദിക്കുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
advertisement
മുഖ്യമന്ത്രിയുെട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്.
ന്യായ് എന്ന അന്യായം!
കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോള്‍ കേരളത്തില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാന്‍ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്?
600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ ഒന്നര വര്‍ഷം കുടിശ്ശികയാക്കി അഞ്ചു വര്‍ഷം കൊണ്ട് ആറര വര്‍ഷത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയവരാണ് 6000 രൂപയുടെ കഥയുമായി ഇറങ്ങിയിട്ടുള്ളത്. ഇത്തരമൊരു വ്യാജ വാഗ്ദാനം കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാമെന്നും മലയാളികളെ വിഡ്ഢികളാക്കാം എന്നുമാണോ ഈ അവസാന നിമിഷത്തില്‍ കോണ്‍ഗ്രസ്സ് കരുതുന്നത്?
Also Read- വികസനത്തിൽ ആരാണ് മുന്നിൽ, എൽഡിഎഫോ യുഡിഎഫോ? ഉമ്മൻചാണ്ടിക്ക് മറുപടിയുമായി പിണറായി വിജയൻ
ജനങ്ങള്‍ നിങ്ങളുടെ വാഗ്ദാനങ്ങളെക്കുറിച്ച് ഒന്നും മിണ്ടാത്തതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയോടെ സംസാരിക്കുന്നതും എന്തുകൊണ്ടാണ് എന്ന് യുഡിഎഫ് ചിന്തിച്ചിട്ടുണ്ടോ? ഞങ്ങള്‍ പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നതേ പറയൂ എന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ട്. കോണ്‍ഗ്രസ്സിന്റേത് ജലരേഖകളുടെ ജലാശയമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല.
പഞ്ചാബിലും ഛത്തിസ്ഗഢിലുമൊക്കെ സമാനമായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ച കോണ്‍ഗ്രസ്സിന്റെ മാതൃക നമ്മുടെ മുമ്പിലുണ്ട്. പൊതുജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ ഒരു വാഗ്ദാനം നല്‍കുന്നതിനു മുമ്പ് അവിടെ അത് നടപ്പാക്കാന്‍ ഒരു ശ്രമം നടത്തുകയെങ്കിലും ചെയ്യണമായിരുന്നു. അത് ചെയ്യാതെ ഇവിടെ എന്തു മല മറിക്കുമെന്നാണ് പറയുന്നത്?
കേരളത്തില്‍ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോണ്‍ഗ്രസ്സിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. ഭരണം കിട്ടിയാല്‍ അല്ലേ നടപ്പാക്കുന്ന പ്രശ്‌നം ഉദിക്കൂ. ഭരണം കിട്ടാന്‍ സാധ്യത ഇല്ലാത്തിടത്ത് എന്തും പറയാമല്ലോ. വില കല്‍പിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന് ഇവിടുത്തെ ജനങ്ങള്‍ ഏപ്രില്‍ 6ന് ശക്തമായ മറുപടി നല്‍കും.
