കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തന പുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നല്‍കിയത്. ഇതിനായി 5580 കോടി രൂപ ഇതുവരെ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. നിലവില്‍ ദേശീയ പാത 66-ന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി എല്ലാ ആഴ്ച്ചയും വിലയിരുത്തുണ്ട്. ഇനി പൂര്‍ത്തിയാകുവാനുള്ളവ വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. കേരളവും ദേശീയപാത അതോറിട്ടിയും യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
advertisement
കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള റോഡ് വികസന പദ്ധതികളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. 20 കൊല്ലം മുന്നില്‍കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ ഭാവി റോഡ് വികസനത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
