കോവിഡ് കാലത്ത് യാത്രക്കാർ കുറഞ്ഞ പ്രതിസന്ധി മറികടക്കാൻ യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി തുടങ്ങിയ സർവ്വീസ് ആയിരുന്നു "അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി" ബസ്സുകൾ. ഇതിന്റെ പേര് ജനതാ സർവ്വീസ് എന്ന് പിന്നീട് മാറ്റി. ബസ് സ്റ്റോപ്പുകൾക്ക് പുറമെ യാത്രക്കാർ ആവശ്യപ്പെടുന്ന ബസ് സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിലും യാത്രക്കാരുടെ സൗകര്യം അനുസരിച്ച് നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ജനതാ സർവ്വീസ്.
advertisement
ആദ്യഘട്ടത്തിൽ തൊഴിലാളി സംഘടനകളുടെ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉണ്ടായി. കഴിഞ്ഞ ദിവസം ജനതാ സർവ്വീസ് ലോഗോ പ്രകാശനത്തിനിടെയാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. ബസ് സ്റ്റോപ്പുകൾക്ക് പുറമെ യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലായിടത്തും ഈ ബസ് നിർത്തി നൽകണമെന്നത് പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും. വലിയ പൊല്ലാപ്പ് തലയിൽ എടുത്ത് വയ്ക്കുന്നതാകും ഇത്. യാത്രക്കാരുടെ ആവശ്യങ്ങൾ വളരെ വലുതാകും.
സ്റ്റോപ്പുകൾക്കിടയിൽ തന്നെ നിരവധി സ്റ്റോപ്പുകൾ വരും. പൊതുഗതാഗത സംവിധാനത്തെ തന്നെ തകർക്കും. നന്നായി ആലോചിച്ചിട്ടാണോ പദ്ധതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. താൻ ഇത് തടയുന്നില്ല, പക്ഷേ നല്ലത് പോലെ ആലോചിച്ചിട്ടെ നടപ്പാക്കാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: Ente KSRTC യാത്രക്കാർക്ക് 'ആപ്പു'മായി ആനവണ്ടി; ആരും പേടിക്കണ്ട ഉപകാരത്തിനാണ്
ജനതാ സർവ്വീസ് വിഷയം ചർച്ച ചെയ്യാൻ ട്രേഡ് യൂണിയൻ യോഗം വിളിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടന്ന് വച്ചു. തൊഴിലാളി സംഘടനകളും എതിർപ്പുമായി രംഗത്തെത്തി. നടപടി നിർത്തിവയ്ക്കണമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കാണിച്ച് കെഎസ്ടിഇയു- എഐടിയുസി ജനറൽ സെക്രട്ടറി എം.ജി രാഹുൽ എംഡിയ്ക്ക് കത്ത് അയച്ചു. ജനതാ സർവ്വീസിനെതിരെ വെൽഫയർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഡ്രൈവേഴ്സ് യൂണിയനും നിർദ്ദേശത്തിന് എതിരാണ്.