വയനാട് വിഷയത്തില്‍ ആദ്യമായല്ല ആഭ്യന്തരമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുന്‍പ് അദ്ദേഹം ശ്രമിച്ചു. കേന്ദ്രം കൃത്യമായ മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തത് എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത്. അങ്ങനെ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല എന്ന് തെളിവു സഹിതം വ്യക്തമാക്കപ്പെട്ടു. അതിന്റെ ആവര്‍ത്തനമായി വേണം കഴിഞ്ഞദിവസത്തെ പ്രസ്താവനയും കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10നാണ് ദുരന്തമേഖലയില്‍ എത്തിയത്. കേന്ദ്രസംഘത്തിന് മുന്നിലും പ്രധാനമന്ത്രിക്ക് മുന്നിലും കേരളത്തിന്റെ ആവശ്യം അറിയിച്ചിരുന്നു. ഓഗസ്റ്റ് 17ന് കേരളം കേന്ദ്രത്തിനു നിവേദനം നല്‍കി. 1202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസമായി. മെമ്മോറാണ്ടം നല്‍കിയിട്ട് മൂന്നുമാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റു പല സംസ്ഥാനങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായം ആയി ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ല. നേരത്തേ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് നടത്തുകയും വിശദമായ 583 പേജുള്ള റിപ്പോര്‍ട്ട് നവംബര്‍ 13ന് കേന്ദ്രത്തിനു നല്‍കുകയും ചെയ്തു. ഈ പ്രക്രിയയ്ക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം- മുഖ്യമന്ത്രി പറഞ്ഞു.
advertisement
2023 ഒക്‌ടോബറില്‍ സിക്കിമിലും 2023 ജനുവരിയില്‍ ഉത്തരാഖണ്ഡിലും 2023 ജൂലൈയില്‍ ഹിമാചലിലും ദുരന്തം ഉണ്ടായപ്പോള്‍ പിഡിഎന്‍എ തയാറാക്കിയത് മൂന്നു മാസം കഴിഞ്ഞാണ്. സമര്‍പ്പിച്ച മെമ്മോറാണ്ട പ്രകാരം അടിയന്തര സഹായം നല്‍കിയില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ആ ആക്ഷേപത്തെ മറികടക്കാനാണ് പിഡിഎന്‍എ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന വാദം കേന്ദ്രം ഉന്നയിക്കുന്നത്. പിഡിഎന്‍എയില്‍നിന്ന് പുനര്‍നിര്‍മാണ ഫണ്ടാണ് കേരളം ആവശ്യപ്പെടുന്നത്. ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വയനാടിന്റെ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോള്‍ വളരെ വേഗത്തിലാണ് സഹായം ലഭ്യമാക്കിയത്. അതേ കേന്ദ്രസര്‍ക്കാരാണ് കേരളത്തോട് അവഗണന കാണിക്കുന്നത്.
കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പ്രധാനമായും 3 കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇത്തരത്തില്‍ പ്രഖ്യാപിച്ചാല്‍ വിവിധ രാജ്യാന്തര സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു. അടിയന്തരസഹായം അനുവദിക്കണമെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഈ മൂന്ന് ആവശ്യങ്ങളോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല. ദുരന്തഘട്ടത്തില്‍ 588.95 കോടി രൂപയാണ് എസ്ഡിആര്‍എഫില്‍ ബാക്കി ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.