സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ചു വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷകക്ഷിയില്‍പ്പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നില്‍. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
എട്ടുതവണ എം പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം പിയായ ബിജെപിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോം ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചുവെന്ന് കഴിഞ്ഞദിവസമാണ് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. ആറുതവണ ബിജെഡി. ടിക്കറ്റില്‍ കട്ടക്കില്‍ ജയിച്ച ഭര്‍തൃഹരി, ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായാണ് ലോക്സഭയില്‍ എത്തിയത്.
കൊടിക്കുന്നിലിനെ തഴഞ്ഞ നടപടിക്കെതിരെ കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി മാനദണ്ഡങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. മുതിര്‍ന്ന എം പിയെ തഴഞ്ഞത് ബി.ജെ.പിയുടെ സവർണരാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.