സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് കേന്ദ്രം നടത്തുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൂടാതെ, ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ കുറവ് വരുത്തുകയും ചെയ്തു. ദേശീയപാത വികസനത്തിനായി കേരളം ചെലവാക്കിയ തുകയ്ക്ക് പകരമായുള്ള വായ്പാനുമതി തടഞ്ഞുവെച്ചതും ഐജിഎസ്ടി ഇനത്തിൽ ലഭിക്കേണ്ട 965 കോടി രൂപ കേന്ദ്രം പിടിച്ചെടുത്തതും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു.
advertisement
മറ്റു സംസ്ഥാനങ്ങൾക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനം വരെ കേന്ദ്ര വിഹിതമായി ലഭിക്കുമ്പോൾ കേരളത്തിന് വെറും 25 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു. നെല്ല് സംഭരണം, ജലജീവൻ മിഷൻ തുടങ്ങിയ പദ്ധതികളിലായി അയ്യായിരം കോടിയിലധികം രൂപയുടെ കുടിശ്ശിക കേന്ദ്രം നൽകാനുണ്ട്. ഇത്ര വലിയ സാമ്പത്തിക ഞെരുക്കം നേരിട്ടിട്ടും കാര്യക്ഷമമായ ധനമാനേജ്‌മെന്റിലൂടെ കേരളത്തിന്റെ തനത് വരുമാനം ഒരു ലക്ഷം കോടിയിലധികം രൂപയായി ഉയർത്താൻ സർക്കാരിന് കഴിഞ്ഞു. ക്ഷേമ പെൻഷൻ വിതരണവും സ്ത്രീ സുരക്ഷാ പദ്ധതികളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ ജനകീയ പ്രതിഷേധത്തിലൂടെ ചെറുക്കുമെന്നും കേരളം വികസനപാതയിൽ കരുത്തോടെ മുന്നേറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
