ആലപ്പുഴയിലെ സംഘടനാപ്രശ്‌നങ്ങള്‍ കൃത്യമായി വിലയിരുത്തിയാണ് മുഖ്യമന്ത്രി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എത്തിയത്. സിറ്റിംഗ് സീറ്റായ അരൂരിലെ പരാജയത്തിന് ശേഷം സംഘടനാ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിട്ടും നടപടികള്‍ കൈക്കൊള്ളാത്തതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. റിവ്യൂ മീറ്റിംഗുകള്‍ വിളിച്ച് പ്രശ്‌ന പരിഹാരം കാണാഞ്ഞതിന്റെ അനന്തരഫലമായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അരൂരില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളില്‍ പോലും പരാജയം ഉണ്ടായതെന്നും പിണറായി കുറ്റപ്പെടുത്തി.
advertisement
ഗൗരവ പരിശോധന അരൂരില്‍ ആവശ്യമുണ്ട്. കുട്ടനാട്ടിലും സിപിഎമ്മിന്റെ അടിയുറച്ച പഞ്ചായത്തുകളില്‍ പോലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.. കൈനകരി, നീലംപേരൂര്‍, കാവാലം തുടങ്ങിയ പഞ്ചായത്തുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിലയിരുത്തല്‍. രണ്ട് മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധങ്ങള്‍ക്ക് ഇടയായ ആലപ്പുഴയില്‍ അച്ചടക്ക ലംഘനം കാണിക്കുന്നവര്‍ സിപിഎമ്മിലുണ്ടാകില്ലെന്ന താക്കീതും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.
ജില്ലയിലെ ബിജെപിയുടെ മുന്നേറ്റം വിലയിരുത്തിയ മുഖ്യമന്ത്രി ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചു. സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയ പ്രവര്‍ത്തകരെയും, ബി ജെ പി പ്രവര്‍ത്തകരെ തന്നെയും സിപിഎമ്മിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ നേതൃത്വം തന്നെ നേരിട്ട് സ്വീകരിക്കണം. ഭവന സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ക്ക് ജില്ലാ നേതാക്കന്‍മാര്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി
